ഇന്ന് പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 15 സീരിസ് സ്വന്തമാക്കാന്‍ മുംബൈയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിന് മുന്നില്‍ മണിക്കൂറുകളോളം വരിവരിയായി കാത്ത് നിന്ന് ആരാധകര്‍. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ദിവസം തന്നെ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ ആരാധകരെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഐ ഫോണ്‍ വാങ്ങുന്നതിനായി മുംബൈയില്‍ എത്തിയവരും നിരവധിയാണ്. ഇന്ത്യയെ കൂടാതെ 40ഓളം രാജ്യങ്ങളിലും ഐ ഫോണ്‍ 15 സീരിസ് പുറത്തിറങ്ങുന്നത് ഇന്ന് തന്നെയാണ്. പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ പണവും നല്‍കി ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാനാകും.
പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്‌റ്റോറുകളിലെത്തി ഐ ഫോണുകള്‍ വാങ്ങാന്‍ കഴിയും. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ അടിസ്ഥാന മോഡല്‍ ആയ ഐ ഫോണ്‍ 15 സീരീസ് സ്വന്തമാക്കണമെങ്കില്‍ 79,900 രൂപ നല്‍കണം. എന്നാല്‍ 256 ജി ബി സ്റ്റോറേജോട് കൂടി 89,900 രൂപക്കും 512 ജി ബി 1,09,900 രൂപക്കും ലഭിക്കും. ഐ ഫോണ്‍ 15 പ്ലസ് 128 ജി ബി വേരിയന്റിന് 89,900 രൂപക്കും 256 ജി ബി വേരിയന്റിന് 99900 രൂപക്കും ലഭ്യമാവും. എന്നാല്‍ 512 ജി ബി യുള്ള ഫോണ്‍ സ്വന്തമാക്കണമെങ്കില്‍,119900 രൂപ നല്‍കണം.
ഐ ഫോണ്‍ 15 പ്രോയുടെ 128 ജി ബി സ്റ്റോറേജിന് 1,34,900 രൂപയും 256 ജി ബി വേരിയന്റിന് 1,44900 രൂപയും,512 ജി ബി വേരിയന്റിന് 1,64,900 രൂപയും നല്‍കണം. എന്നാല്‍ 1 ടി ബി സ്റ്റോറേജ് ലഭിക്കണമെങ്കില്‍ 1,84900 രൂപ നല്‍കണം.
ഐഫോണ്‍ 15 പ്രോ മാക്സിന്റെ 256 വേരിയന്റ് 1,59,900 രൂപയും 512 ജി ബി വേരിയന്റിന് 1,79,900 രൂപ നല്‍കണം. ഏറ്റവും മുന്‍നിരയിലുള്ള 1 ടി ബി പതിപ്പ് സ്വന്തമാക്കാന്‍ 1,99,900 രൂപ വേണം.
ഇന്ത്യക്ക് പുറത്ത് ഐ ഫോണ്‍15 സീരിസ് 799 ഡോളറിനു ലഭിക്കും. ഐഫോണ്‍ 15 പ്ലസ് 899 ഡോളറിനു ആണ് വിപണിയില്‍ ലഭ്യമാവുക. ഐ ഫോണ്‍ 15 പ്രോ വില മുമ്പത്തേത് പോലെ തന്നെ 999 ഡോളറിനു ലഭിക്കും. എന്നാല്‍ ഐ ഫോണ്‍ പ്രോ മാക്സ് സ്വന്തമാക്കാന്‍ 1,199 ഡോളര്‍ നല്‍കണം.ഫോണ്‍ 15 സീരിസിനായുള്ള പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും. മുന്‍നിര ഫോണുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ ഷിപിങ് ആരംഭിക്കുന്നതാണ്.
ഈ വര്‍ഷം ഐ ഫോണുകളിലെ ഏറ്റവും വലിയ പ്രത്യേകത യുഎസ്ബി – സി പോര്‍ട്ട് ആണ് ചാര്‍ജ് ചെയ്യുന്നതിനായി ഉള്ളത്. ഐ ഫോണില്‍ മുമ്പ് ഇത് ലഭ്യമല്ലായിരുന്നു. ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് ഉണ്ട്. ഐഫോണ്‍ 15 ന് 6.1 ഇഞ്ച് ഡിസ്പ്ലേ ആണ് ഉള്ളതെങ്കിലും ഐഫോണ്‍ 15 പ്ലസിനു 6.7 ഇഞ്ച് ആണുള്ളത്. അ16 ബയോണിക് ചിപ്പ് ആണ് പുതിയ ഐഫോണ്‍ 15 ന് കരുത്തു പകരുന്നത്. രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാന്‍ഡ് ചിപ്പും ഇതിലുണ്ട്. പിങ്ക്, മഞ്ഞ, പച്ച നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.