ഓണ്‍ലൈനില്‍ ഐ ഫോണിന് ഓര്‍ഡര്‍ നല്‍കി, വന്നപ്പോള്‍ ബാര്‍സോപ്പ്

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സെറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണിന് ഓര്‍ഡര്‍ നല്‍കിയ യുവാവിന് കിട്ടിയത് ബാര്‍സോപ്പ്. നല്ല രീതിയില്‍ ഐ ഫോണിന്റെ കവറില്‍ പൊതിഞ്ഞ രീതിയിലാണ് ബാര്‍ സോപ്പ് എത്തിയത്. ടാബ്‌റസ് മെഹബൂബ് നഗരള്ളിയെന്ന 26 കാരനാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ബാര്‍ സോപ്പ് കിട്ടിയത്.

കൊറിയറിലൂടെ ജനുവരി 22 നാണ് പായ്ക്കറ്റ് വീട്ടിലെത്തിയതെന്ന് ടാബ്‌റസ് മെഹബൂബ് പറഞ്ഞു. ഐ ഫോണിനു വേണ്ടി ഓണ്‍ലൈനായി 55,000 രൂപ അടച്ചാണ് ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ബോയ് പായ്ക്കറ്റ് നല്‍കി ഒപ്പ് വാങ്ങി പോയ ശേഷം തുറന്നു നോക്കിയ അവസരത്തിലാണ് താന്‍ വഞ്ചിക്കപ്പെട്ടത് മനസിലായത്. പായ്ക്കറ്റ് തുറക്കുന്നതിന് വാച്ച്മാനും സുഹൃത്തുക്കളും സാക്ഷികളായിരുന്നുവെന്ന് ടാബ്‌റസ് മെഹബൂബ് പറഞ്ഞു.

യുവാവ് ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. 2016 ല്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 4 വാങ്ങാനായി ഓര്‍ഡര്‍ ചെയ്ത വ്യക്തി ഫ്‌ലിപ്പ്കാര്‍ട്ട് ബാര്‍ സോപ്പ് നല്‍കിയത് വിവാദമായിരുന്നു. ഇപ്പോള്‍ സമാനമായ സംഭവങ്ങളാണ് നടന്നിരിക്കുന്നത്.