കഠിനമായ പല പരീക്ഷണങ്ങളിലൂടെയും കടമ്പകളിലൂടെയും കടന്നുവന്ന് ടെക് ലോകത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ചാറ്റ്ജിപിടി. 2022 നവംബറിൽ ചുവടുവച്ച് തുടങ്ങിയ ചാറ്റ്ജിപിടിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു. കവിതകൾ, തിരക്കഥകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതിയും പുസ്തകങ്ങൾ രചിച്ചും എന്‍ട്രി ലെവല്‍ കോഡിങ് ജോലി മത്സരിച്ചു നേടിയുമെല്ലാം ഓപ്പൺ Aiയുടെ ചാറ്റ് ബോട്ട് വാർത്തകളിൽ ഇപ്പോൾ ഇടം നേടിക്കൊണ്ടേയിരിക്കുകയാണ്. ചാറ്റ്ജിപിടി രചിച്ച 200ലധികം പുസ്തകങ്ങളാണ് ആമസോൺ ബുക്ക് സ്റ്റോറിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ വളർച്ച മനുഷ്യരെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന ഒന്നാണ്. ഈ ചാറ്റ് ബോട്ട് സംവിധാനം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമോ എന്നതാണ് പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു വന്ന ചോദ്യം. എന്നാൽ ഈയിടെ പുറത്ത് വന്ന സർവേ റിപ്പോർട്ടിൽ ചാറ്റ്ജിപിടി നിരവധി പേരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന സാധ്യതയാണ് ഉറപ്പിച്ചു പറയുന്നത്.
റെസ്യൂംബില്‍ഡര്‍ ഡോട്ട്‌കോം എന്ന വെബ്സൈറ്റ് ആണ് സർവ്വേ നടത്തിയിരിക്കുന്നത്. ചാറ്റ്ജിപിടി തൊഴിലുകളില്‍ ചെലുത്തി തുടങ്ങിയ സ്വാധീനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സർവ്വേ റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയിരം കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്ത സർവേയിൽ പകുതിയിലേറെ പേര്‍ ഇതിനോടകം തന്നെ തൊഴിലാളികള്‍ക്ക് പകരം ചാറ്റ്ജിപിടിയുടെ സേവനങ്ങളെ ഉപയോഗിച്ചു തുടങ്ങിയെന്ന് പറയുന്നു. മാത്രമല്ല,ഇവർ വലിയ തോതിൽ ചാറ്റ്ജിപിടിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്നും
റെസ്യൂംബില്‍ഡറിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചാറ്റ്ജിപിടിയുടെ പ്രകടനം അതിഗംഭീരമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം ആളുകൾ പറഞ്ഞത്. ചാറ്റ് ജിപിടി വളരെ മികച്ചതാണെന്ന അഭിപ്രായമാണ് 34 ശതമാനം പറഞ്ഞത്. അധികം വൈകാതെ തന്നെ ഇപ്പോൾ മനുഷ്യർ ചെയ്യുന്ന പല ജോലികളും ചാറ്റ്ജിപിടിയെ ഏൽപ്പിക്കാൻ തൊഴിലുടമകള്‍ തയാറായേക്കുമെന്ന സൂചനയാണ് സർവേ റിപ്പോർട്ടിൽ ഉള്ളത്. ഉപഭോക്താക്കളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാനും ചോദ്യങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ്ബോട്ട് എന്ന് വിളിക്കുന്നത്. ഇവയുടെ വികസിത രൂപമാണ് ചാറ്റ് ജിപിടി. കുറച്ചുകൂടി വിപുലമായ രീതിയില്‍ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചാറ്റ് ബോട്ടുകളാണ് ആമസോണിന്റെ അലക്‌സയും ആപ്പിളിന്റെ സിരിയുമൊക്കെ. ചാറ്റ്ജിപിടി ഇവയിൽ ഒന്നായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നമുക്കറിയേണ്ട കാര്യം സെർച്ച് ചെയ്യുമ്പോൾ ചോദ്യത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് ഉത്തരം കിട്ടാൻ സാധ്യതയുളള ലേഖനങ്ങളും മറ്റ് വെബ്‌സൈറ്റുകളും കണ്ടെത്തി നൽകുകയാണ് ഗൂഗിൾ ചെയ്യുക. എന്നാൽ ചാറ്റ് ജിപിടിയിൽ നമ്മുടെ ചോദ്യങ്ങൾക്ക് കിറുകൃത്യമായ ഉത്തരങ്ങൾ നേരിട്ട് നൽകുകയാണ് ചെയ്യുക. പ്രോജക്ടുകൾ, കഥ, കവിത, കത്തുകൾ, സംശയങ്ങൾക്കുള്ള മറുപടി എന്നിങ്ങനെ എന്ത് ആവശ്യമുണ്ടോ അവ നിമിഷങ്ങൾക്കുള്ളിൽ ചാറ്റ്ജിപിടി എഴുതി മറുപടിയായി നൽകും. സാം ആള്‍ട്ട്മാനും ഇലോണ്‍ മസ്‌കും അടക്കമുള്ളവര്‍ ചേർന്ന് 2015ലാണ് ഓപണ്‍എഐ എന്ന കമ്പനി സ്ഥാപിക്കുന്നത്. 2015ൽ ഓപ്പൺ എഐ തന്നെയാണ് ചാറ്റ്ജിപിടി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. എന്നാൽ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയും സ്‌പേസ് എക്‌സും എഐ സാങ്കേതികവിദ്യയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തുന്ന സമയമായതിനാൽ ഓപണ്‍Aiയില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. എന്നാൽ അധികം വൈകാതെ മൈക്രോസോഫ്റ്റും മറ്റു രണ്ട് കമ്പനികളും ചേര്‍ന്ന് ഓപണ്‍AIയുമായി കരാറിലെത്തുകയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയുമായിരുന്നു.
മികച്ച സാങ്കേതികവിദ്യകളിലൂടെ ഒരു മനുഷ്യനോട് സംസാരിക്കുന്നതുപോലെ സംസാരിക്കാനും തിരിച്ച് മറുപടി കൃത്യമായി ലഭിക്കുമെന്നതുമാണ് ചാറ്റ്ജിപിടിയുടെ എടുത്തുപറയേണ്ട പ്രത്യേകത. ഉത്തരം കൃത്യമായതിനാൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ ചാറ്റ് ജിപിടിയെ പ്രോജക്ടിനും മറ്റുമായി ആശ്രയിച്ചു തുടങ്ങിയതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സ്കൂളുകൾ, കോളജുകൾ ചാറ്റ്ജിപിടിയെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 2021 സെപ്റ്റംബര്‍ വരെ ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മാത്രമാണ് ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഒരു കുറവായി പറയുന്നത്. അതേസമയം, മുന്‍നിര കമ്പനികള്‍ക്ക് ചാറ്റ്ജിപിടിയില്‍ വിശ്വാസമുണ്ട് എന്ന സൂചനകളാണ് സര്‍വേ നല്‍കുന്നത്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെയാണ് കൂടുതല്‍ നേട്ടമുണ്ടാക്കുക എന്നതാണ് കമ്പനികളും ഉടമകളും ചിന്തിക്കുക. ഇക്കാരണങ്ങളാൽ മനുഷ്യരുടെ പല ജോലികളും നഷ്ടമാവുമോ എന്ന ചോദ്യം ഇപ്പോഴും ഉയർന്നുനിൽക്കുകയാണ്.