വാട്സാപ്പിനെതിരെ ആരോപണവുമായി ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി. വാട്സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നു എന്നതാണ് ഡാബിരി ഉന്നയിച്ച ആരോപണം. ഇതിനോടൊപ്പം വാട്സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയങ്ങൾ വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
താന്‍ ഉറങ്ങുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടിൽ വാട്‌സാപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന അടിക്കുറിപ്പോടെ രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്‌സാപ്പ് തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്റെ ടൈംലൈൻ അടക്കമുള്ള സ്ക്രീൻഷോട്ടുമാണ് ഡാബിരി ട്വിറ്ററിൽ പങ്കുവെച്ചത്. ടാബിരിയുടെ ട്വീറ്റിനോട് പ്രതികരിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് ‘വാട്സാപ്പിനെ വിശ്വസിക്കാൻ പറ്റില്ല’എന്ന് അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തിൽ വാട്സാപ്പ് ഉടനടി ഇടപെടുകയും പരാതി ഉന്നയിച്ചയാളുമായി ആശയവിനിമയം നടത്തിയിരുന്നു എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ആന്‍ഡ്രോയിഡ് ഓഎസിലുണ്ടായ സാങ്കേതികപ്രശ്നമാണ് ഇതെന്നാണ് വാട്സാപ്പ് നൽകിയ വിശദീകരണം. പ്രൈവസി ഡാഷ്‌ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതാണ് ഇതെന്നും ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ആണ് ഗൂഗിള്‍ എഞ്ചിനീയര്‍ ഉപയോഗിക്കുന്നതെന്നും ഈ കാര്യം അന്വേഷിക്കാന്‍ ഗൂഗിളിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സാപ്പ് അറിയിച്ചു.
കൂടാതെ മൊബൈൽ ഫോണിൽ മൈക്രോഫോണ്‍ ഉപയോഗിക്കുന്നതിലെ നിയന്ത്രണം ഉപഭോക്താവിനാണെന്നും വാട്‌സാപ്പിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നൽകുമ്പോൾ ശബ്ദം റെക്കോര്‍ഡ് ചെയ്യാനും വോയ്‌സ്/വീഡിയോ കോളുകള്‍ക്കും വേണ്ടി മാത്രമാണ് അവ ഉപയോഗിക്കാറുള്ളതെന്നും വാട്‌സാപ്പ് വ്യക്തമാക്കി.
അതേസമയം, വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളുടെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയുടെ അംഗീകരിക്കാനാകാത്ത ലംഘനമാണ് ഇത്. സംഭവം അടിയന്തിരമായി പരിശോധിക്കുമെന്നും പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെങ്കിലും എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറ്റ് കമ്പനികളുമായി പങ്കുവെക്കുമെന്ന പ്രൈവസി പോളിസി വ്യവസ്ഥ വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സമയത്ത് വാട്സാപ്പ് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ ഒരു ആരോപണം കൂടി കടന്നു വരുന്നത്.