എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ തരത്തിലും നമ്മെ ഒരൂ ദിവസവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് എഐ. കലാകാരന്മാരെ സർഗ്ഗാത്മകതയുടെ അതിരുകൾ ഭേദിക്കാനും അവരുടെ ഭാവനകൾക്ക് അനന്തമായ സാധ്യതകൾ തുറന്നു കൊടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. വിവിധ ജോലികൾ ചെയ്യാനുള്ള കഴിവ് ഉപയോഗിച്ച് ഉപയോക്താക്കളെ ആകർഷിക്കുന്നതിൽ എഐ ചാറ്റ്ബോട്ട് ഒരിക്കലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല.
ഉപയോക്താക്കളുടെ ആവശ്യം പൂർത്തീകരിച്ച് നൽകുന്നത് മുതൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ചിത്രങ്ങളും മറ്റും സൃഷ്ടിക്കുന്നതിലൂടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായി എഐ മാറികഴിഞ്ഞു. അതിന്റെ തെളിവാണ് ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു എഐ ട്രെൻഡ്.
ചാറ്റ് ജിപിടിയുടെ ‘Make it more’ എന്ന ട്രെൻഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ചിത്രം ചാറ്റ് ജിപിടിയോട് ആവശ്യപ്പെടുമ്പോൾ ഏത് രീതിയിലാണോ നമ്മൾ ആവശ്യപ്പെട്ടത് അത് കൂടുതലായി വേണമെന്ന് വീണ്ടും ആവശ്യപ്പെടുമ്പോൾ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള ഒരു സൃഷ്ടി നമുക്ക് ലഭിക്കുകയാണ്. ആകർഷകമായ ഈ ചിത്രങ്ങൾ ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നതാണ് പ്രത്യേകത.
ഇവയിൽ ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഒരു ബോഡി ബിൽഡറുടെ എഐ ജനറേറ്റഡ് ചിത്രങ്ങളാണ് ട്രെൻഡിൽ ഇടം പിടിച്ച ഒന്ന്. മറ്റൊന്ന് ഓമനത്തമുള്ള ഒരു മുയലിന്റേതാണ്. ഓരോ തവണയും കൂടുതൽ സന്തോഷവാനായിരിക്കുന്ന മുയലിനെ ദൃശ്യവത്‌കരിക്കാൻ പറയുമ്പോൾ ചിത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ശ്രദ്ധേയം.
ട്രെൻഡ് ഇവിടെ അവസാനിക്കുന്നില്ല. ഭക്ഷണത്തിലും ഇതേ പരീക്ഷണം നടത്തിയ ചിത്രങ്ങളും വൻ ഹിറ്റാണ്. എരിവുള്ള റേമനും സ്‌പൈസി ബിരിയാണിയും എല്ലാം ഇതിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കുട്ടിയുടെയും കുഞ്ഞുമായി നിൽക്കുന്ന സൂപ്പർ ഡാഡ്‌ഡിയുടെയും ചിത്രങ്ങളും വൈറലാണ്.
എന്തായാലും ക്രിയേറ്റിവിറ്റിയുടെ അങ്ങേയറ്റമാണ് എഐ നമുക്ക് തിരിച്ചു തരുന്നത് എന്നത് ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ മനസിലാകും. എന്നാൽ അതേസമയം, ദീപ് ഫേക്ക് പോലെയുള്ള ഇത്തരത്തിലുള്ള ഏറ്റവും പുതിയ ടെക്നോളജിയുടെ ദൂഷ്യഫലങ്ങളും നാം അനുഭവിക്കുണ്ട് എന്നതും ഓർത്തിരിക്കേണ്ട ഒരു കാര്യം തന്നെയാണ്.