ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം നൽകാനും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഗൂഗിൾ പേയിലൂടെ സാധിക്കും. എന്നാൽ ഇനി ചില പേയ്‌മെന്റുകൾ നടത്തുമ്പോൾ ഗൂഗിൾ പേ ഉപയോക്താക്കളിൽ നിന്നും നിരക്ക് ഈടാക്കാൻ ഒരുങ്ങുകയാണ്.
മൊബൈൽ റീചാർജ് ചെയ്യാനായി ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഒരു കൺവീനിയൻസ് ഫീസ് ഗൂഗിൾ പേ ഇപ്പോൾ ഈടാക്കുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു. ഈ നിരക്കുകളെ കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല.
എന്നാൽ നിരവധി ഗൂഗിൾ പേ ഉപയോക്താക്കൾ അവരുടെ മൊബൈൽ റീചാർജുകൾക്ക് അധിക ഫീസ് അടയ്‌ക്കേണ്ടിവന്നു എന്ന പരാതിയുമായി രംഗത്ത് വന്നു.ഈ നിരക്കുകൾ എല്ലാ ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നുണ്ടോ എന്നും എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാണോ എന്നതും പലരെയും ആശങ്കാകുലരാക്കി.
നിലവിൽ മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് ഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കുന്നത്.100 രൂപയിൽ താഴെയുള്ള മൊബൈൽ റീചാർജ് പ്ലാനുകൾക്ക് ഈ ഫീസ് ഈടാക്കില്ല. 200 – 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപ ഈടാക്കുന്നതായിരിക്കും. 300 ന് മുകളിലുള്ള റീചാർജുകൾക്ക് മൂന്ന് രൂപയും ഈടാക്കും. ജി എസ് ടി ഉൾപ്പെടെയാണ് കൺവീനിയൻസ് ഫീ ഈടാക്കുക.
ഇനി മറ്റ് ഇടപാടുകൾക്കും അധിക ഫീസ് ഈടാക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാനുള്ള എല്ലാ അവകാശവും ഗൂഗിൾ പേയ്ക്ക് ഉണ്ടെന്നാണ് സത്യം. കാരണം ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്‌മെന്റ് സേവന ദാതാക്കളല്ല ഗൂഗിൾ പേ. ഫോൺ പേയും പേടിഎമ്മും നേരത്തെ താനെ ഇത്തരത്തിൽ പല സേവനങ്ങൾക്കും അധിക തുക ഈടാക്കി തുടങ്ങിയിരുന്നു.