ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ. സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും വളർച്ച കാരണം ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇവയിൽ പലതും ഉപയോഗിക്കാത്തതാകാം. രണ്ട് വർഷമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ.
ഡിസംബർ 1 മുതൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയവയിലെ ഉള്ളടക്കങ്ങളെല്ലാം ഇതോടെ അപ്രത്യക്ഷമാകും എന്നാണ് റിപ്പോർട്ടുകൾ. ചില സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഗൂഗിൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ദുരുപയോഗിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.
രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്തതോ തുടർച്ചയായി ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളാണ് നീക്കം ചെയ്യുക. ഇതിന്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനകം തന്നെ ഗൂഗിൾ ഇക്കാര്യം സൂചിപ്പിച്ച് മെയിൽ അയച്ചിട്ടുണ്ടാകും.
രണ്ട് വർഷത്തിലൊരിക്കൽ ലോഗിൻ ചെയ്യുകയാണെങ്കിലോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവനങ്ങൾക്കായി ഉപയോഗിച്ചാലും അക്കൗണ്ട് നിലനിർത്താനാകും. വ്യക്തികളുടെ അക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകമാവുക. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.