വാർത്താ അവതാരകയായി 'AI അവതാർ' ; ഇന്ത്യയിലെ ആദ്യത്തെ AI അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യാ ടുഡേ

ഇന്ത്യയിൽ ആദ്യമായി AI സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെ പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ വാർത്താ ചാനലായ ഇന്ത്യ ടുഡേ. ആജ് തക് ചാനലിന് വേണ്ടിയുള്ള ‘സന’ എന്ന AI വാര്‍ത്താ അവതാരകയെ ഇന്ത്യാ ടുഡേയുടെ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയ കല്ലി പുരിയാണ് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. സമര്‍ത്ഥയും, പ്രായവും ക്ഷീണവും ഇല്ലാത്ത, ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്ന അവതാരകയായാണ് സനയെ കല്ലി പുരി പരിചയപ്പെടുത്തിയത്. AI അവതാരകയെ പരിചയപ്പെടുത്തുന്ന സമയത്ത് പത്രപ്രവർത്തനത്തിന്റെ ഇനിയുള്ള ഭാവിയെക്കുറിച്ചുള്ള തന്റെ ആവേശവും അവർ പ്രകടിപ്പിച്ചു. ഇത് മനുഷ്യരും AIയും തമ്മിലുള്ള മത്സരമല്ല എന്നും മറിച്ച് വലിയൊരു അത്ഭുതം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന ഒരു കൂട്ടായ ശ്രമമാണെന്നും കല്ലി പുരി പറഞ്ഞു.

വിവിധ ഭാഷകളിലായിരിക്കും സന ദിവസേന വാര്‍ത്തകള്‍ അവതരിപ്പിക്കുക. മാത്രമല്ല, ഓരോ ദിവസവും പ്രധാനപ്പെട്ട ഒരു വിഷയം പരിചയപ്പെടുത്തുകയും ചെയ്യും. ഈ പരിപാടിയിൽ പ്രേക്ഷകർക്ക് നേരിട്ട് അവതാരകയോട് ചോദ്യങ്ങൾ ചോദിക്കാനാകും. ഈ ചോദ്യങ്ങൾക്ക് സനയാകും ഉത്തരം പറയുക. സന ആധുനികതയുടെ ഉദാഹരണമാണെന്നും യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കും സന ജോലി ചെയ്യുക എന്നും കല്ലി പുരി പറഞ്ഞു. ഇന്ത്യാ ടുഡേ സനയെ അവതരിപ്പിച്ച വീഡിയോയിൽ വിവിധ പരിപാടികളിലായി ഓരോ ഭാഷയിൽ സംസാരിക്കുന്നതും അവയ്ക്ക് അനുസൃതമായി സന ചുണ്ടുകള്‍ ചലിപ്പിച്ച് സംസാരിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയെ പല തരത്തിൽ മാറ്റാനൊരുങ്ങുകയാണ്. ലോകത്ത് AI വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതിനാൽ AI പ്രൊഫഷണലുകളുടെ ആവശ്യകതയും വർധിച്ചു വരികയാണ്. നിര്‍മിത ബുദ്ധിയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് വരാനൊരുങ്ങുകയാണ് ഇന്ത്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. നിലവിൽ 45,000 തൊഴിലവസരങ്ങള്‍ ഉള്ളതായാണ് മാനവ വിഭവ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ ടീം ലീസ് ഡിജിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഡേറ്റ ശാസ്ത്രജ്ഞര്‍, മെഷീന്‍ ലേണിംഗ് എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകള്‍ക്കാണ് ഇവയിൽ കൂടുതല്‍ ഡിമാന്‍ഡ്. ആരോഗ്യ സംരക്ഷണം,വിദ്യാഭ്യാസം,ബാങ്കിംഗ്, നിർമ്മാണം, റീട്ടെയിൽ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. നിര്‍മിത ബുദ്ധി രംഗത്ത് പുതുതായി പ്രവേശിക്കുന്ന ഡാറ്റാ എന്‍ജിനീയര്‍മാര്‍ക്ക് 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം.

അതിവേഗം വികസിക്കുന്ന തൊഴില്‍ വിപണിയില്‍ നിര്‍മിത ബുദ്ധി, മെഷിന്‍ ലേണിംഗ് രംഗത്ത് കഴിവുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ടീം ലീസ് ചീഫ് ബിസിനസ് ഓഫീസര്‍ ശിവ പ്രസാദ് നന്ദുരി വ്യക്തമാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നാലു ലക്ഷം പ്രൊഫഷണലുകള്‍ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ ഏറ്റവും അധികം വിദഗ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരുവാണ്. 2022ല്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ 1220 കോടി ഡോളര്‍ വരുമാനം നേടിയിരുന്നു. ആഗോള നിര്‍മിത ബുദ്ധി മേഖലയുടെ വിറ്റുവരവ് 13,600 കോടി ഡോളറായിരുന്നു.

Read more

ചാറ്റ് ജിപിടിയുടെയും ബിങ് AIയുടെയും കടന്നു വരവോടെ ടെക്ക് ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് AI. പ്രതീക്ഷിച്ചതിലും അതിവേഗത്തിലായിരുന്നു ചാറ്റ് ജിപിടി അടക്കമുള്ളവയുടെ മുന്നേറ്റം. ടെക്ക് ലോകത്ത് അവതരിച്ച് ഇന്നുവരെയുള്ള കാലയളവിൽ 200 ലധികം പുസ്തകങ്ങൾ രചിച്ച ചാറ്റ് ജിപിടിയുടെ വളർച്ച എഴുത്തുകാരെയടക്കം ഞെട്ടിപ്പിച്ചിരുന്നു. കഥകളും പ്രോജക്ടുകളും എഴുതി, വിദ്യാർത്ഥികളെയടക്കം വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നായി ഇവ മാറുകയും ചെയ്തു. ഇത്തരത്തിൽ പല മേഖലകളിലാണ് AI തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. തൊഴിൽരംഗത്ത്‌ മനുഷ്യനോട് കിടപിടിച്ച് നിൽക്കാൻ AI എത്തുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് ഇന്ത്യയിലെ ആദ്യത്തെ AI അവതാരകയായി സന എത്തിയിരിക്കുന്നത്.