ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോഗത്തിലില്ലാത്ത നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേയ്‌മെന്റ് ആപ്പുകളെ ലക്ഷ്യമിട്ടാണ് നടപടികള്‍.

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ സേവനങ്ങളാണ് താത്കാലികമായി നിറുത്തലാക്കാന്‍ ഒരുങ്ങുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ ഉപയോഗിക്കാത്ത ഫോണ്‍ നമ്പറുകള്‍ ബാങ്കുകള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കും. തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കും.

യുപിഐ സംവിധാനങ്ങളിലെ പ്രവര്‍ത്തനരഹിതമായ നമ്പറുകള്‍ മൂലമുണ്ടാകുന്ന സൈബര്‍ തട്ടിപ്പ് ഭീഷണിയും സാങ്കേതിക പ്രശ്നങ്ങളും കണക്കിലെടുത്താണ് പുതിയ നടപടി. ടെലികോം കമ്പനികള്‍ പഴയ നമ്പറുകള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് വീണ്ടും നല്‍കുമ്പോള്‍, അവ ബാങ്കിങ് സംവിധാനങ്ങളില്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും നാഷണല്‍ പേയ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ ബാങ്ക് രേഖകള്‍ നിലവിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.