നിങ്ങളുടെ ആപ്പിൾ ഫോണിന് ബാറ്ററി പ്രശ്നം ഉണ്ടോ ? എങ്കിലിതാ വൻ ഇളവുകളുമായി കമ്പനി

ബാറ്ററി മാറുന്നതിന് വൻ ഇളവുകളുമായി ആപ്പിൾ കമ്പനി. 70 ശതമാനം ഇളവ് പ്രഖ്യാപിച്ചാണ് ആപ്പിൾ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കമ്പനി എത്തിയിരിക്കുന്നത്. ആപ്പിളിൻ്റെ പഴയ മോഡലുകളായ ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ, ഐഫോൺ 7 എന്നിവയ്ക്കാണ് ബാറ്ററി മാറ്റാൻ കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

6500 രൂപ വിലവരുന്ന ബാറ്ററി 2500 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് പുറമേ നികുതിയും ഈടാക്കും. കൂടുതൽ ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഐഫോൺ 6 മുതലുള്ള എല്ലാ മോഡലുകളിലും ആപ്പിൾ കമ്പനി ബാറ്ററി മാറ്റിനൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറ് മാസത്തിനിടെ വാങ്ങിയ ഫോണുകളാണെങ്കിൽ കൂടി ബാറ്ററി മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടാൽ ഓഫർ ലഭിക്കും.

അതേസമയം ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 11 ലേക്ക് അപ്ഡേറ്റ് ചെയ്താലും ബാറ്ററി പ്രശ്നം പരിഹരിക്കപ്പെടുമെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്. പഴയ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാൻ ബാറ്ററിയുടെ കാര്യക്ഷമതയിൽ ആപ്പിൾ കൃത്രിമം കാട്ടുന്നുവെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ ഇളവുകളുമായി കമ്പനി രംഗത്തെത്തിയത്.