ലോകത്ത് നിലവിലുള്ള എഴുത്തുകാർക്ക് പുതിയൊരു വില്ലനായി മാറിയിരിക്കുകയാണ് ചാറ്റ്ജിപിടി. കഠിനമായ പല പരീക്ഷണങ്ങളിലൂടെയും കടമ്പകളിലൂടെയും കടന്നുവന്ന് ടെക്ക് ലോകത്ത് തന്റേതായ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് ഓപ്പൺ AIയുടെ ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ട് സംവിധാനം. അവതരിപ്പിച്ച് ഇക്കാലയളവിനുള്ളിൽ വ്യത്യസ്‍തമായ 200 ഓളം പുസ്തകങ്ങൾ രചിച്ച് ടെക്ക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ചാറ്റ് ബോട്ട്. ഈ പുസ്തകങ്ങൾ എല്ലാം തന്നെ ആമസോൺ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇ-ബുക്കുകളായോ പേപ്പർബാക്കുകളായോ ആമസോണിൽ നിന്ന് ചാറ്റ്ജിപിടിയുടെ രചനകൾ വാങ്ങാൻ സാധിക്കും. AI ടൂളിനെ പുസ്തകങ്ങളുടെ രചയിതാവായി ആമസോൺ ബുക്ക്‌സ്റ്റോർ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ചാറ്റ്ജിപിടിയുടെ രചനയിലായി 200-ലധികം പുസ്തകങ്ങൾ ഉണ്ടെന്നും ഓപ്പൺഎഐ 200-ലധികം പുസ്തകങ്ങൾ എഴുതുകയും സഹ-രചയിതാവായി പ്രവർത്തിച്ചു എന്നുമാണ് റിപ്പോർട്ടുകൾ.
ആമസോൺ നയങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് അവരുടെ പുസ്തകങ്ങളിലെ AI യുടെ ഉപയോഗം വെളിപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ AI എഴുതിയ പുസ്തകങ്ങളുടെ എണ്ണം എഴുതിയ പുസ്തകങ്ങളുടെ എണ്ണത്തിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ ചാറ്റ്ജിപിടി രചയിതാവായും സഹരചയിതാവായും ഉൾപ്പെട്ട 200-ലധികം ഇ-ബുക്കുകളാണ് ആമസോണിന്റെ കിൻഡിൽ സ്റ്റോറിൽ ഉണ്ടായിരുന്നത് . “ചാറ്റ്ജിപിടി ഉപയോഗിച്ച് എങ്ങനെ കണ്ടന്റ് എഴുതാം, സൃഷ്ടിക്കാം”, “ഹോംവർക്കിന്റെ ശക്തി”, “പ്രപഞ്ചത്തിന്റെ പ്രതിധ്വനികൾ” എന്ന കവിതാസമാഹാരം ഉൾപ്പെടെ നിരവധി ബുക്കുകളാണ് ചാറ്റ്ജിപിടി എഴുതിയിരിക്കുന്നത്. എഐ പുസ്തകങ്ങളുടെ എണ്ണം ദിവസം കൂടുംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പുസ്‌തകങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ഉപവിഭാഗവും ആമസോണിലുണ്ട്. ഈ പുസ്തകങ്ങളും പൂർണ്ണമായും ചാറ്റ്ജിപിടി തന്നെയാണ് എഴുതിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.
“ചാറ്റ്ജിപിടി ഓൺ ചാറ്റ്ജിപിടി : ദി എഐ എക്സ്പ്ലൈൻസ് ഇറ്റ്‌സെൽഫ് “എന്ന തലക്കെട്ടുള്ള മറ്റൊരു പുസ്തകം പൂർണ്ണമായും ചാറ്റ്ജിപിടി എഴുതിയതാണ്. പുസ്തകത്തിൽ, AI ടൂളിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് വിശദീകരിച്ചിരിക്കുന്നത്. പുസ്തകം കിൻഡിൽ സൗജന്യമാണെങ്കിലും അച്ചടിച്ച പതിപ്പിന് 11 ഡോളറാണ് വില. കുട്ടികൾക്കായി കെട്ടുകഥകൾ എഴുതാനും ചാറ്റ്ജിപിടി മുൻപന്തിയിലാണ് എന്നാണ് റിപ്പോർട്ട്. അതേസമയം, സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു ഫിനാൻഷ്യൽ-ടെക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രോഡക്റ്റ് ഡിസൈൻ മാനേജരായ അമ്മാർ രേഷി ഒരു AI ചാറ്റ്ബോട്ട് ഉപയോഗിച്ച് ഒരു പുസ്തകം രചിക്കുകയും 72 മണിക്കൂറിനുള്ളിൽ മറ്റ് AI ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്തിരുന്നു. മനുഷ്യർക്ക് വേണ്ടി ചാറ്റ്ജിപിടി പുസ്തകങ്ങൾ എഴുതുന്നതിൽ ആളുകൾ സന്തുഷ്ടരല്ല എന്നാണ് അമ്മാർ പറയുന്നത്.
ഇത് ശരിക്കും ആശങ്കപ്പെടേണ്ട ഒരു കാര്യമാണെന്നും ഈ പുസ്തകങ്ങൾ വിപണിയിൽ നിറയുന്നതോടെ ധാരാളം എഴുത്തുകാരുടെ ജോലി ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും എഴുത്തുകാരുടെ ഗ്രൂപ്പായ ഓതേഴ്സ് ഗിൽഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേരി റാസൻബെർഗർ പറഞ്ഞു. ഈ പുസ്‌തകങ്ങൾ എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് രചയിതാക്കളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്നും തെളിവ് വേണമെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം ചോദ്യങ്ങളോടും ആരോപണങ്ങളോടും ആമസോണും ഓപ്പൺ എഐയും ഇതുവരെ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.
Read more
ഗൂഗിളിനെപോലും പിന്തള്ളി യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും തരംഗമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. ഗൂഗിളടക്കം മറ്റ് സെർച്ച് എഞ്ചിനുകളെയും പിന്നിലാക്കി ഇപ്പോൾ ചാറ്റ് ജിപിടിയാണ് ടെക്ക് ലോകം കീഴടക്കുന്നത്. ഉപഭോക്താക്കളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാനും ചോദ്യങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ്ബോട്ട് എന്ന് വിളിക്കുന്നത്. ഇവയുടെ വികസിത രൂപമാണ് ചാറ്റ് ജിപിടി. 2015ൽ അമേരിക്കയിലെ ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജി.പി.ടി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. പ്രോജക്ടുകൾ, കഥ, കവിത, കത്തുകൾ, സംശയങ്ങൾക്കുള്ള മറുപടി എന്നിങ്ങനെ എന്ത് ആവശ്യമുണ്ടോ അവ നിമിഷങ്ങൾക്കുള്ളിൽ ചാറ്റ്ജിപിടി എഴുതി മറുപടിയായി നൽകും. ഓപ്പൺഎഐ അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം ടെക്ക് വ്യവസായത്തിൽ വൻ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യനെപ്പോലെ സംസാരിക്കാനുള്ള കഴിവും മറ്റ് കഴിവുകളും കാരണം ആളുകളുടെ ജോലി പോലും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എവിടെയും സംസാരവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ചാറ്റ്ജിപിടി ഇപ്പോൾ.