Connect with us

TECH UPDATES

റെഡ്മിയുടെ പുതിയ മോഡല്‍ മാര്‍ച്ച് 14 ന് എത്തും, വില്‍പ്പന ആമസോണില്‍ മാത്രം

, 12:41 pm

മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചെലുത്തുന്ന മുന്നേറ്റം ചെറുതൊന്നുമല്ല. മുന്‍ നിരയില്‍ നിന്ന സാംസങ്ങിനെ പോലും പിന്തള്ളി മുന്നോട്ട് വരണമെങ്കില്‍ ഷവോമിയുടെ ജനപ്രിയത പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ചൂടപ്പം പോലെയാണ് ഷവോമി മോഡലുകള്‍ വിറ്റു പോകുന്നത്. ഇപ്പോഴിതാ വന്‍ പ്രചാരമുള്ള റെഡ്മി നിരയിലേക്ക് റെഡ്മി 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിക്കുകയാണ്. മാര്‍ച്ച് 14 ന് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5 ന്റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ആമസോണിലൂടെ മാത്രമാകും റെഡ്മി 5 ലഭിക്കുക. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ആമസോണ്‍. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്ഫോണിന്റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5.  ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്.

5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5 ന്റേത്. സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 32 ജിബി എന്നിങ്ങുനെ മൂന്ന് പതിപ്പുകളാണ്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ല്‍ അധിഷ്ഠിതമായ എംഐയുഐ 9 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. 3300എംഎഎച്ചാണ് ബാറ്ററി. സ്റ്റോറേജ്, റാം സൗകര്യം അനുസരിച്ച് ഏകദേശം 8000 രൂപയ്ക്ക് മുകളിലായിരിക്കും ഇന്ത്യയില്‍ ഫോണിന് വില.