ആധാര്‍ വിവരങ്ങള്‍ താഴിട്ട് പൂട്ടി വയ്ക്കാം, താക്കോല്‍ കരുതിയാല്‍ മതി

രാജ്യത്ത് എന്തിനും ഏതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടിരിക്കുകയാണ്. സിം കാര്‍ഡ് വേരിഫിക്കെഷന്‍, ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍, സബ്‌സിഡി തുടങ്ങി എല്ലാ കാര്യങ്ങളും ആധാര്‍ വഴി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമായിരിക്കുകയാണ്. ഇത്തരത്തില്‍ കൈമാറ്റപ്പെടുന്ന ആധാര്‍ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ളത് പ്രധാനമാണ്.

അടുത്ത കാലത്തായി ആധാര്‍ വിവരങ്ങള്‍ ചോരുന്നു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. വിരലടയാളവും കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ഓരോരുത്തരും ആധാര്‍ കാര്‍ഡ് എടുക്കുന്നത്. സിം കാര്‍ഡ് മറ്റും എടുക്കുമ്പോള്‍ ആധാര്‍ നമ്പരും വിരലടയാളവും നല്‍കിയാണ് കണക്ഷന്‍ എടുക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ കാര്യങ്ങള്‍ കഴിയുമെങ്കിലും ഈ സമയം മതി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍. ഇത് തടയാന്‍ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്.ആധാര്‍ രേഖയിലെ നമ്മുടെ വിവരങ്ങള്‍ ഡിജിറ്റല്‍ താഴിട്ട് പൂട്ടി താക്കോല്‍ കൈവശം വയ്ക്കാം.

യുഐഡിഎഐ വെബ്‌സൈറ്റിലൂടെയാണ് ഈ പരിരക്ഷ നിങ്ങള്‍ക്ക് ലഭ്യമാകുക. ഈ വെബ്‌സൈറ്റില്‍ കയറി 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുക. ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് രേഖപ്പെടുത്തുക. ഇതിനു ശേഷം “ജനറേറ്റ് ഒടിപി” എന്ന് കാണിക്കുന്ന ബട്ടണില്‍ അമര്‍ത്തുക. ഇതോടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് മെസേജ് വരും. ഈ മെസേജിലുള്ള രഹസ്യ കോഡ് രേഖപ്പെടുത്തി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക. ഈ സംവിധാനം പിന്നീടെപ്പോഴെങ്കിലും ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.

ഇതുവഴി നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്നും നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എടുക്കാനാകു എന്നതാണ് പ്രത്യേകത. ഈ ഓണ്‍ലൈന്‍ പൂട്ട് ഒരു പരിധി വരെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കും.