റിലയന്‍സ് ജിയോയ്ക്ക് കേരളത്തില്‍ ചരിത്ര നേട്ടം, തിരിച്ചടി നേരിട്ട് എയര്‍ടെല്‍

കേരള സര്‍ക്കിളിലെ വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള പഴയകാല ടെലികോം കമ്പനികളെ മറികടന്ന് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ എയര്‍ടെല്ലിനെക്കാള്‍ ഒരു ലക്ഷം വരിക്കാര്‍ അധികമായി റിലയന്‍സ് ജിയോയ്ക്കുണ്ട്.

48,19,002 വരിക്കാര്‍ എയര്‍ടെല്ലിനുള്ളപ്പോള്‍ 49,26,286 വരിക്കാരാണ് റിലയന്‍സ് ജിയോയ്ക്കുള്ളത്. ഇന്ത്യയില്‍ മറ്റൊരു സര്‍ക്കിളിലിലും ലഭിക്കാത്ത നേട്ടമാണ് ജിയോയ്ക്ക് ഇന്ത്യയില്‍ കിട്ടിയിരിക്കുന്നത്.

കേരളത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഒന്നാമത് നില്‍ക്കുന്നത് ഐഡിയയും രണ്ടാമത് ബിഎസ്എന്‍എല്ലുമാണ്. ഒരുകോടിയിലേറെ വരിക്കാറുള്ള ഈ കമ്പനികളുടെ പകുതി മാത്രമെ ജിയോയ്ക്ക് ഉള്ളുവെങ്കിലും തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെ പിന്നിലാക്കുക എന്നത് ജിയോയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ജിയോയെക്കാള്‍ കൂടുതല്‍ വരിക്കാര്‍ ഇപ്പോഴും വോഡഫോണിനുണ്ട്. 75 ലക്ഷത്തിന് മുകളിലാണ് അവരുടെ വരിക്കാരുടെ എണ്ണം.

https://www.facebook.com/SouthLiveNews/posts/1786267991405009

റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച ഫ്രീ ഓഫറുകളാണ് കേരളത്തില്‍ കമ്പനിക്ക് 50 ലക്ഷത്തിനടുത്ത് വരിക്കാരെ നേടിക്കൊടുത്തത്. ഒട്ടുമിക്ക ആളുകളും തങ്ങളുടെ സെക്കന്‍ഡ് സിം എന്ന നിലയ്ക്കാണ് ജിയോ സിം ഉപയോഗിക്കുന്നത്. 1500 രൂപയുടെ ജിയോ ഫോണ്‍, ഫ്രീ കോള്‍, ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് തുടങ്ങിയ നൂതന പദ്ധതികളാണ് ജിയോയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. പക്ഷെ, ഇപ്പോഴും ഉപയോക്താക്കളുടെ പ്രധാന സിം എന്ന നിലയിലേക്ക് ഉയരാന്‍ ജിയോയ്ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞയിടയ്ക്ക് ആര്‍കോം പ്രവര്‍ത്തനം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. 12 ലക്ഷത്തിലേറെ വരിക്കാര്‍ ഉണ്ടായിരുന്നു ഈ കമ്പനിക്ക്. ഇവരില്‍ ഭൂരിഭാഗവും മാറിയത് ജിയോയിലേക്കാണ് എന്നതും റിലയന്‍സിനെ തുണച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.