Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രം; സര്‍ക്കാരിന്റെ ആവശ്യം അനുവദിച്ചു തരാനാവില്ലെന്ന് വാട്ട്‌സ്ആപ്പ്

, 2:41 pm

വ്യാജവാര്‍ത്തകളുടെ ഉറവിടം പിന്തുടര്‍ന്നു കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി വാട്ട്‌സ്ആപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദും വാട്ട്‌സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ഡാനിയല്‍സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജവാര്‍ത്തകളും മറ്റും വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടികാഴ്ച.

സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യം. എന്നാല്‍ ട്രാക്കു ചെയ്യാന്‍ അനുവദിച്ചാല്‍ കമ്പനിയുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മൊത്തം അവതാളത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി വാട്ട്‌സ്ആപ്പ് കേന്ദ്രത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. വാര്‍ത്തകള്‍ മാത്രമല്ല വാട്ട്‌സ്ആപ്പിലൂടെ ഉപയോക്താക്കള്‍ നിരവധി സ്വകാര്യ വിവരങ്ങളും കൈമാറുന്നുണ്ട്. വാര്‍ത്തകളെ പിന്തുടരാന്‍ കേന്ദ്രത്തെ അനുവദിച്ചാല്‍ അത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തെ പ്രതികൂലമായി ബാധിച്ച് വാട്ട്‌സ്ആപ്പിന്റെ സുരക്ഷ തന്നെ ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്.

അതേസമയം വ്യാജവാര്‍ത്ത സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. എന്നാല്‍ സന്ദേശത്തിന്റെ ഉത്ഭവകേന്ദ്രം തങ്ങള്‍ക്കു കണ്ടുപിടിക്കാനാകണമെന്ന വാദത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുകക്ഷികള്‍ക്കും ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

Advertisement