ഐഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽകാലത്ത് നിങ്ങളുടെ ഐഫോൺ അമിതമായി ചൂടാകാറുണ്ടോ? പൊതുവെ ഐഫോണുകളുടെ അമിത ചൂടാക്കൽ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് പ്രശ്‌നം ഉയരാറുണ്ട്. അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഐഫോണിനെ തകരാറിലാക്കിയേക്കാം. അതിനാൽ ഐഫോൺ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.

0 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഐഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ആപ്പിൾ പറയുന്നത്. ഈ താപനില പരിധിക്ക് പുറത്ത് പ്രവർത്തിപ്പിക്കുകയാണെങ്കിൽ അത് ഉപകരണത്തിന് കേടുപാടുകൾ വരുത്താം അല്ലെങ്കിൽ ബാറ്ററി ലൈഫിൽ വ്യത്യാസം വന്നേക്കാം. വേനൽക്കാലത്ത് നിങ്ങളുടെ ഐഫോൺ തണുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ:

തണുത്ത സ്ഥലത്ത് വയ്ക്കുക:

നിങ്ങളുടെ ആപ്പിൾ ഉപകരണം നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് ആദ്യം ചെയ്യാൻ കഴിയുന്ന കാര്യം. വേനൽച്ചൂട് ഫോണുകൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തും. ഐഫോൺ ഇൻഡോറുകളിൽ കൊണ്ടുവന്ന് സാധാരണ താപനിലയിലേക്ക് വരാൻ ശ്രദ്ധിക്കുക.

ഒരു ഇടവേള നൽകുക:

നിങ്ങളുടെ ഐഫോണിന് ഒരു ഇടവേള നൽകുക. സാധാരണ താപനിലയിലേക്ക് മടങ്ങുന്നത് വരെ കുറച്ച് നേരം മാറ്റിവെക്കുന്നത് തണുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും ഓഫാക്കി നിങ്ങളുടെ ഫോണിനെ കുറച്ച് സമയം വിശ്രമിക്കാൻ അനുവദിക്കുക. ഇത് നിങ്ങളുടെ ഉപകരണത്തിലെ ഭാരം കുറയ്ക്കുകയും അമിതമായി ചൂടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

എയർപ്ലെയിൻ മോഡ് ഓണാക്കുക:

ഐഫോൺ എയർപ്ലെയിൻ മോഡിൽ ഇടുന്നത് അത് തണുപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ ഇത് എന്തായാലും ചെയ്യേണ്ടതാണ്. എയർപ്ലെയിൻ മോഡ് ഓണാക്കുന്നത് ഉപകരണത്തെ തണുപ്പിക്കുക മാത്രമല്ല ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കേസ് നീക്കം ചെയ്യുക:

എല്ലാവരും അവരുടെ ഫോണുകൾ സംരക്ഷിക്കുന്നതിനോ സ്റ്റൈലിഷ് ആക്കുന്നതിന് വേണ്ടിയോ ഫോൺ കെയ്‌സുകൾ ഉപയോഗിക്കാറുണ്ട്. എന്നൽ ഇൻസുലേറ്റിംഗ് വസ്തുക്കളാൽ നിർമ്മിച്ചവയ്ക്ക് ഉപകരണത്തിൽ നിന്നുള്ള താപത്തിൻ്റെ വ്യാപനം ഗണ്യമായി കുറയ്ക്കാൻ കഴിയും. അമിതമായി ചൂടാകുന്ന സാഹചര്യത്തിൽ, കേസുകൾ നീക്കം ചെയ്ത് സാധാരണ താപനിലയിലേക്ക് മടങ്ങാൻ അനുവദിക്കുക.

ഐഫോൺ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക:

ഐഫോൺ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് അമിതമായി ചൂടാകുന്നതിൽ നിന്ന് സംരക്ഷിച്ചേക്കാം. iOS-ൻ്റെ ഓരോ പുതിയ പതിപ്പിലും ആപ്പിൾ പ്രധാന അപ്‌ഡേറ്റുകൾ കൊണ്ടുവരാറുണ്ട്. ഐഫോണിലെ എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുന്നത് ഉപകരണം സുഗമമായി പ്രവർത്തിക്കാനും കുറഞ്ഞ ഊർജ്ജം ഉപയോഗിക്കാനും സഹായിക്കും.