ദക്ഷിണേഷ്യയിലെ ആൻഡ്രോയിഡ് ഉപയോക്തക്കളുടെ വാട്സ്ആപ് വിവരങ്ങൾ ചോർത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ‘സേഫ് ചാറ്റ്’ എന്ന ചാറ്റിങ് ആപ്ലിക്കേഷൻ വഴി ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്തി നൽകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
സൈബർ സുരക്ഷാസ്ഥാപനമായ സൈഫിർമയിലെ ഗവേഷകരാണ് ദക്ഷിണേഷ്യൻ മേഖലയിലെ വാട്സ്ആപ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പുതിയ മാൽവെയർ കണ്ടെത്തിയത്. വാട്സ്ആപ് ഉപയോക്താക്കളിൽ നിന്ന് സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനും അവരെ ചതിക്കാനും അപകടത്തിലാക്കാനും ആപ്പിന് കഴിയും എന്നതാണ് ആശങ്കാജനകമായ ഭാഗം.
വ്യാജ ആപ്ലിക്കേഷൻ വാട്സാപ്പിലൂടെ തന്നെയാണ് പ്രചരിക്കപ്പെടുന്നത്. ഇതിനു മുൻപ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പ്രചരിച്ചിരുന്ന മറ്റ് ചില വ്യാജ ആപ്ലിക്കേഷനുകൾക്ക് സമാനമാണ് ഇപ്പോഴുള്ള സേഫ് ചാറ്റ് ആപ്ലിക്കേഷനും. എന്നാൽ കൂടുതൽ പെർമിഷനുകൾ നേടുന്നതു കൊണ്ട് മുൻപുണ്ടായിരുന്ന വ്യാജന്മാരേക്കാൾ ഇവ വലിയ ഭീഷണി ഉയർത്തുന്നുണ്ട്.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ സാധാരണ ഒരു ചാറ്റിങ് ആപ്ലിക്കേഷൻ പോലെ തന്നെയാണ് തോന്നുക. ശേഷം ഒരു രജിസ്‌ട്രേഷൻ പ്രോസസ്സ് കൂടിയുണ്ടാകും. സേഫ് ചാറ്റ് എന്ന ലോഗോ എന്ന മെയിൻ മെനു ലഭിക്കുന്നതോടെ കോൺടാക്ട് ലിസ്റ്റ്, എസ്എംഎസ്, കോൾ ലോഗ്സ് തുടങ്ങി വിവിധ പെർമിഷനുകൾ ചോദിക്കും.
ഇത്രയും പെർമിഷനുകൾ നൽകുന്നതോടെ ഹാക്കർമാർക്ക് ഫോൺ നിയന്ത്രിക്കാൻ സാധിക്കും. ആപ്ലിക്കേഷൻ ഫോണിൽ പ്രവർത്തിക്കുന്ന അത്രയും സമയം ഫോണിലെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചു കൊണ്ടേയിരിക്കും.