ഒരു മൊബൈൽ ഫോൺ ബാറ്ററി അവസാന ഒരു ശതമാനത്തിൽ എത്തി നിൽക്കുന്നതും ചാർജ് മുഴുവനും തീർന്ന് അതിന്റെ സ്‌ക്രീൻ മിന്നിമറയുമ്പോൾ ഉണ്ടാകുന്ന ഒരു പരിഭ്രാന്തിയും നമ്മളിൽ പലർക്കും പരിചിതമായ ഒരു കാര്യമാണ്. സ്വിച്ച് ഓഫ് ആയാൽ ഉടൻതന്നെ എങ്ങനെയെങ്കിലും ഫോൺ ചാർജ് ചെയ്യാനുള്ള പരിഭ്രാന്തിയിലായിരിക്കും മിക്ക ആളുകളും. എന്നാൽ ഹോട്ടലിലോ എയർപോർട്ടിലോ കഫേയിലോ മറ്റ് പൊതുയിടങ്ങളിലോ ഉള്ള ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കുന്നത് അപകടകരമാണ് എന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് എഫ്.ബി.ഐ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ). വിമാനത്താവളങ്ങളിലോ ഹോട്ടലുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ സൗജന്യ ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക, സ്വന്തം ചാർജറും യുഎസ്ബി കോഡും കൈയിൽ കരുതുക എന്നാണ് എഫ്ബിഐ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള സ്വകാര്യ ഡാറ്റകൾ മോഷ്ടിക്കുന്നതിനോ ഉപയോക്താവിന്റെ ഉപകരണത്തിൽ ഒരു ഹാക്കർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനോ പബ്ലിക് യുഎസ്ബി പോർട്ടുകൾ ഉപയോഗിക്കുന്നതിനെയാണ് ‘ജ്യൂസ് ജാക്കിംഗ്’ എന്ന് പറയുന്നത്. ഒരു സൈബർ കുറ്റകൃത്യമാണിത്. 2011-ലാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടുകയും ചെയ്തേക്കാം. പൊതു ചാർജിംഗ്പോയിന്റുകളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ ആണ് ഫോണിലുള്ള ഡാറ്റ അപഹരിക്കപ്പെടുന്നത്. തട്ടിപ്പുകളിലെ പുതിയതും വളരെ പെട്ടെന്ന് തട്ടിപ്പിന് അവസരം ഒരുക്കുന്നതുമായ ഒന്നാണ് ജ്യൂസ് ജാക്കിംഗ്.
പൊതു ഇടങ്ങളിൽ ഉള്ള യു.എസ്.ബി പോർട്ടുകളിൽ മിക്കതും വളരെ പെട്ടെന്ന് തന്നെ ഹാക്കർമാർക്ക് ഹൈജാക്ക് ചെയ്യാൻ സാധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ അപഹരിക്കപ്പെട്ട പോർട്ടുകളിൽ പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കർമാർക്ക് മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഇതുവഴിയാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും അക്കൗണ്ടുകളുടെ ആക്സസും ഹാക്കർമാർ സ്വന്തമാക്കുന്നത്. ഇതിലൂടെ പല തട്ടിപ്പുകളും നടത്താൻ സാധിക്കും എന്ന കാര്യമാണ് പേടിക്കേണ്ടത്. നമ്മുടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് വരെ ഇത് എത്തിച്ചേക്കാം. ഈ രീതിയിൽ പണം നഷ്ടപെട്ട ചില കേസുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തതിനാൽ ആണ് എഫ്.ബി.ഐ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന യു.എസ്.ബി കേബിളുകള്‍ ഡാറ്റ കൈമാറാനും ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഈ കേബിളുകൾ ഉപയോഗിച്ച് പൊതുഇടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണിലെ സുപ്രധാന വിവരങ്ങൾ ശേഖരിക്കാനാകും. നേരത്തെ കേരള പൊലീസും ജ്യൂസ് ജാക്കിങ്ങിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ജ്യൂസ് ജാക്കിംഗ് തടയാനായി മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് ഇത്തരം തട്ടിപ്പിനെ തടയാനുള്ള വഴി. അതിനാൽ കഴിയുന്നതും പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യേണ്ടി വരികയാണെങ്കിൽ ഏത് ഡിവൈസ് ആണെങ്കിലും സ്വിച്ച് ഓഫ് ചെയ്യുക. പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ഫോൺ ചാർജ് ചെയ്യാൻ ഇട്ടതിന് ശേഷം പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്‌വേര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുന്നതും ഒഴിവാക്കണം. യു.എസ്.ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കുന്നത് വഴിയും സുരക്ഷിതരാകാം.