കൂട്ടപിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ സൂം. 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂം അറിയിച്ചു. പിരിച്ചുവിടല്‍ സ്ഥാപനത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സൂമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ പറഞ്ഞു.
പിരിച്ചുവിടലിന് പുറമേ തന്റേയും മറ്റ് എക്സിക്യൂട്ടീവുകളുടേയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുകയും 2023 സാമ്പത്തിക വര്‍ഷത്തിലെ കോര്‍പ്പറേറ്റ് ബോണസ് ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
മറ്റ് എക്സിക്യൂട്ടീവുകളുടെയും അടിസ്ഥാന ശമ്പളം 20 ശതമാനം കുറയ്ക്കും. കൂടാതെ അവരുടെയും കോര്‍പ്പറേറ്റ് ബോണസുകള്‍ ഒഴിവാക്കും. പിരിച്ചുവിടുന്നവര്‍ക്ക് കമ്പനി 4 മാസത്തെ ശമ്പളവും, ആരോഗ്യ പരിരക്ഷയും, 2023 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ബോണസും മറ്റും നല്‍കുമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് കുറഞ്ഞതോടെ ആളുകള്‍ തിരികെ ഓഫീസുകളില്‍ എത്തിയതാണ് സൂം കമ്പനിയ്ക്ക് തിരിച്ചടിയായത്. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങയതോടെയാണ് സൂം ജനശ്രദ്ധ നേടിയത്. പല കമ്പനികളും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി സൂമിനെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. സാഹചര്യം മാറിയതോടെ വന്‍തോതില്‍ ആളുകള്‍ സൂം ഉപേക്ഷിച്ചു തുടങ്ങി.