വാട്‌സാപ്പ് ഐഡിയ കത്തിയത് ഐഫോണ്‍ 'ചതിച്ചപ്പോള്‍'!

വാട്‌സാപ്പ് എന്ന ഐഡിയ ഉരിത്തിരിഞ്ഞത് ഐഫോണ്‍ കൊടുത്ത ഒരു ചെറിയ പണിയില്‍ നിന്ന്. അതിന് വാട്‌സാപ്പും ഐഫോണും തമ്മില്‍ എന്ത് ബന്ധമെന്ന് തോന്നിയേക്കാം. പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും ഐഫോണിന്റെ ഒരു “ചതിവി”ലുടെയാണ വാട്‌സാപ്പ് എന്ന ആശയം ഉരിത്തിരിഞ്ഞത്. ഇത് പറഞ്ഞത് മറ്റാരുമല്ല വാട്‌സാപ്പ് സഹ സ്ഥാപകനും സിഇഒയുമായ ജാന്‍ കോം ആണ്. സിലിക്കന്‍വാലിയിലെ കംപ്യൂട്ടര്‍ ചരിത്ര മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് കോംമിന്റെ വെളിപ്പെടുത്തല്‍.

2009ല്‍ പുതുതായി വാങ്ങിയ ഐഫോണില്‍ കോളുകള്‍ മിസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പരിഹാരം തേടിയുള്ള ചിന്തയില്‍ നിന്നാണ് വാട്‌സാപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞതെന്നാണ് കോം പറയുന്നത്. പുതിയ ഐഫോണ്‍ വാങ്ങിയതാണ് എല്ലാറ്റിന്റെയും തുടക്കം. ജിമ്മില്‍ പോകുന്ന സമയത്ത് ധാരാളം കോളുകള്‍ മിസ് ആകുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കി, ഇതില്‍ നിന്നാണ് വാട്‌സാപ്പ് എന്നൊരാശയം തോന്നിയത്. കോം പറഞ്ഞു. കോളുകള്‍ നഷ്ടപ്പെടരുന്നതെന്ന ഒറ്റ ചിന്തയില്‍ ബ്രയാന്‍ ആക്ഷനുമായി ചേര്‍ന്ന് അന്നു തുടങ്ങിയ സംരംഭം പിന്നീട് 1900 കോടി ഡോളറിന്റെ (1.2 ലക്ഷം കോടി രൂപ) മഹാ പ്രസ്ഥാനമായി.

കമ്പനിയൊന്നും ആദ്യം മനസ്സിലുണ്ടായിരുന്നതേയില്ല. ജനങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പന്നം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ അത് സ്വീകരിക്കപ്പെട്ടെങ്കിലും തല്‍ക്ഷണ വിജയമൊന്നുമായിരുന്നില്ല. ആപ് അവതരിപ്പിച്ചപ്പോള്‍ ആവേശമായിരുന്നു. ആരും അത് ഉപയോഗിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ നിരാശയും കോം പറഞ്ഞു. പക്ഷേ, ആ അവസ്ഥ പെട്ടെന്നു മാറി.

ഇപ്പോല്‍ ഏറെ പ്രചാരമുള്ള വാട്‌സാപ്പിന് 100 കോടി ഉപയോക്താക്കളാണ് ഉള്ളത്. സഹസ്ര കോടീശ്വരനായിട്ടും എന്തിനു ജോലിക്കു പോകുന്നു എന്ന ചോദ്യത്തിന് ഇന്നും ലോകത്ത് വാട്‌സാപ്പ് ഉപയോഗിക്കാത്ത ധാരാളം പേരുണ്ട്. അവരെ ഇതിന്റെ ഗുണം ബോധ്യപ്പെടുത്തണം, പിന്നെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുണ്ട് എന്നായിരുന്നു ജാന്‍ കോമിന്റെ മറുപടി.