ഒടിച്ചുമടക്കാവുന്ന ഡിസ്‌പ്ലേ; ഐഫോണ്‍ പത്തിന് പിന്നാലെ മറ്റൊരു അത്ഭുതവുമായി ആപ്പിള്‍

യുഎസ് പേറ്റന്റ് ആന്റ് ട്രേഡ് ഓഫീസില്‍ ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ഐഫോണിനായുള്ള പേറ്റന്റിന് അപേക്ഷ നല്‍കി. എല്‍ജിയുമായി ചേര്‍ന്ന് ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ വിപണിയിലെത്തിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുസ്തകം പോലെ അടയ്ക്കാനും തുറക്കാനും സാധിക്കുന്ന ഐഫോണിന്റെ പേറ്റന്റിനു ആപ്പിള്‍ അപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

പേറ്റന്റ്‌ലി ആപ്പിള്‍ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മടക്കാവുന്ന ഡിസ്പ്ലെയും ഇതിനുണ്ടാവും. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണിന് ഇതുവരെ പേരു നല്‍കിയിട്ടില്ല. ഐഫോണിന്റെ എല്‍ഇഡി സ്‌ക്രീന്‍ വളയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ എല്‍ജിയാണ് പരീക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു. ഫോള്‍ഡബിള്‍ ഐഫോണ്‍ പാനല്‍ നിര്‍മാണം 2020ല്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനലിന്റെ ആദ്യരൂപം എല്‍ജി തയാറാക്കിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര ജിയോംഗ്സാംഗ് പ്രവിശ്യയിലെ ഗുമിയില്‍ സ്ഥിതി ചെയ്യുന്ന ഇ5 പ്ലാന്റില്‍ അടുത്തിടെ കമ്പനി ഒഎല്‍ഇഡി ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. മടക്കാൻ സഹായിക്കുന്ന ഫ്ലെക്സിബിൾ ആയ ഭാഗം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഐഫോണിന് ഉണ്ടായിരിക്കുമെന്ന് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് പ്രസിദ്ധീകരിച്ച പേറ്റന്റ് ആപ്ലിക്കേഷനില്‍ ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.