'വാട്ട്സ്ആപ്പ് ഫോര്‍ ബിസിനസ്' ആപ്പ് ഇന്ത്യയിലും

വാട്ട്സ്ആപ്പിന്റെ പുതിയ പദ്ധതി “വാട്ട്സ്ആപ്പ് ഫോര്‍ ബിസ്‌നസ്” ആപ്പ് ഇനിമുതല്‍ ഇന്ത്യയിലും ലഭ്യമാകും. ഇന്തൊനീഷ്യ, ഇറ്റലി, മെക്‌സികോ, ബ്രിട്ടണ്‍, യുഎസ് എന്നിവിടങ്ങളില്‍ മാത്രമാണ് നിലവിലിത് ലഭ്യമായിരുന്നത്. ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിന്റെ പ്രാരംഭ പദ്ധതി. ബുക്ക് മൈഷോ, മെയ്ക്ക് മൈ ട്രിപ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയതിനു ശേഷമാണ് വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിന്റെ ചെറിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചെറുകിട കമ്പനികള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് വാട്ട്സാപ്പ് ബിസിനസ് ആപ്പ് സഹായിക്കും. കൂടാതെ വാട്ട്സ്ആപ്പിലെ  1.3 ബില്ല്യന്‍ ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ബിസിനസ് ആപ്പ് വഴി സാധിക്കും. ബിസിനസ് വിവരണം, ഇമെയില്‍ അല്ലെങ്കില്‍ സ്റ്റോര്‍ വിലാസങ്ങള്‍, വെബ്‌സൈറ്റ് എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

Read more

വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന് പുറമെ ഐഒഎസ് പതിപ്പ് കൂടി വരും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിന്റെ ലോഗോയില്‍ ഒരു “B” കാണിക്കും. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ബി ലോഗോ ചേര്‍ത്തിരിക്കുന്നത്. മെസേജ് വരുമ്പോള്‍ തന്നെ ബിസിനസ് സന്ദേശം ആണെന്ന് മനസ്സിലാക്കാം. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് പ്രാരംഭ പദ്ധതി പൂര്‍ണമായും സൗജന്യമാണ്. നിയന്ത്രിത ഉള്ളടക്കമോ ഫീച്ചറുകളിലോ ആക്‌സസ് ചെയ്യുന്നതിന് പണം നല്‍കേണ്ടതില്ല.