Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

DESTINATION

ഒരിക്കലും മറക്കാത്തൊരു യാത്രയ്ക്കായി ഗര്‍ടാന്ഗ് ഗാലി വിളിക്കുന്നു

, 4:42 pm

യാത്രകളെ കുറിച്ചു ആലോചിക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും അറിയേണ്ടത് അവിടെ നല്ല താമസസൗകര്യങ്ങള്‍ ഉണ്ടാകുമോ, മൊബൈല്‍ നെറ്റ്  വര്‍ക്ക്‌ ഉണ്ടാകുമോ, നല്ല ആഹാരം കിട്ടുമോ എന്നൊക്കെയാണ്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ മനസ് പറയുന്ന വഴികളിലൂടെ, യാത്രയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ചു ഒരു ട്രിപ്പ്‌ പോകാന്‍ തോന്നുന്നുണ്ടോ ? എങ്കില്‍ ഗര്‍ടാന്ഗ് ഗാലിയെ കുറിച്ചറിയാം.

ഇന്ത്യയില്‍ ധാരാളം യാത്ര ചെയ്ത സഞ്ചാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈ പേര് അത്ര സുപരിചിതമായിരിക്കില്ല. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലാണ് ഈ സ്ഥലം. ഉത്തരകാശിയിലെ ഗംഗോത്രി നാഷണല്‍ പാര്‍ക്കിന്റെ ബോര്‍ഡറിലാണ് ഗാര്‍ടാന്ഗ് ഗാലി. ഇന്ത്യ ചൈന അതിര്‍ത്തി പങ്കുവെയ്ക്കുന്നിടം കൂടിയാണ് ഇത്. 1962 ലെ യുദ്ധത്തിനു ശേഷം ഈ പാത ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തിരുന്നില്ല എന്നാല്‍ അടുത്തിടെയാണ്  ഈ പാത സഞ്ചാരികള്‍ക്ക് വേണ്ടി തുറന്നത്.

വനംവകുപ്പിന്റെ പ്രത്യേകഅനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴും ഇവിടേയ്ക്ക് കടക്കാന്‍ സാധിക്കൂ. 105 മീറ്റര്‍ നീളത്തില്‍ മലയിടുക്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മരപ്പാലമാണ് ഗാര്‍ടാന്ഗ് ഗാലി യുടെ ഒരു ആകര്‍ഷണം. ഇന്‍ഡോ ടിബറ്റന്‍ ട്രേഡ് റൂട്ടിന്റെ ഭാഗമായിരുന്നു ഇത്. വര്‍ഷങ്ങള്‍ യാതൊരു വിധ അറ്റകുറ്റപണികളും നടത്താതിരുന്നിട്ടും ഇപ്പോഴും യാതൊരുവിധ കേടുപാടുകളും ഇല്ലാത്ത ഈ മരപ്പാലം ഒരു അത്ഭുതമാണ്. ഈ പാലത്തില്‍  നിന്നാല്‍ നൈലോങ്ങ്‌ വാലിയുടെ മുഴുവന്‍ മാസ്മരസൗന്ദര്യവും കാണാം.  സ്കൈവാക്കിംഗ് അനുഭവമാണ് ഇത്.  വായുവിലൂടെ മെല്ലെനടക്കുന്ന പ്രതീതിയാകും ഇത് സമ്മാനിക്കുക.

ഗര്‍ടാന്ഗ് ഗാലി  പെഷ്വാരി പത്താന്‍മ്മാര്‍ നിര്‍മ്മിച്ച സ്ഥലമാണ് എന്നാണു ചരിത്രം പറയുന്നത്. അഫ്ഗാനിസ്ഥാന്‍, ടിബറ്റ്‌, പാകിസ്ഥാന്‍ എന്നിവിടങ്ങിലേക്ക് കച്ചവടത്തിനായി പോയിരുന്നവര്‍ക്ക് ഉത്തരകാശിയില്‍ സംഘമിക്കാനുള്ള ഇടമായിരുന്നത്രേ ഗാര്‍ടാന്ഗ് ഗാലി. ഇവിടം സന്ദര്‍ശിക്കാന്‍ വനംവകുപ്പില്‍ നിന്നും ജില്ലാതലത്തില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ് എന്ന് പറഞ്ഞല്ലോ.   മാത്രമല്ല എപ്പോള്‍ വേണമെങ്കിലും മാറിമറിയുന്ന കാലാവസ്ഥയാണ് ഇവിടെ. ഇവിടേക്കുള്ള വഴികളില്‍  അടിക്കടി പാറവീണു തടസം ഉണ്ടാക്കാറുണ്ട്.  അതുകൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷമാകണം ഗാര്‍ടാന്ഗ് ഗാലിയിലേക്ക് വരാന്‍.

Advertisement