സന്ദർശകരെ മാടി വിളിക്കുന്നു അറബിക്കടലിന്റെ റാണി

സിനു ജോൺ, ആൻ മറിയ റോയി

അറബിക്കടലിന്റെ റാണിയായ കൊച്ചി എന്നും വിനോദ സഞ്ചാരികളുടെ ഒരു ഇഷ്ട സ്ഥാനമാണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമെല്ലാം വിദേശീയരുടെയും സ്വദേശീയരുടെയുമെല്ലാം മനം കവരുന്ന പ്രിയപ്പെട്ട ഇടങ്ങളാണ്. ഈ പുതുവർഷം കൊച്ചിയിൽ ആഘോഷിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. പുതുവർഷം ആഘോഷിക്കാൻ മാത്രമല്ല, ഹണിമൂണിനും പറ്റിയ സ്ഥലമാണ് കൊച്ചി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നായ കൊച്ചി സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രം കൂടിയാണ്. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ് നഗരത്തിന് ഈ പേരു വന്നത് എന്നാണ് പറയപ്പെടുന്നത്. ഇനി നമുക്ക് കൊച്ചിയിലേക്കു ഒരു യാത്ര പോകാം .

1.പാലാക്കരി അക്വ ടൂറിസം സെന്റർ

കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളുടെ സംഗമസ്ഥാനത്താണ് മത്സ്യഫെഡിന്റ അക്വ ടൂറിസം കേന്ദ്രമായ പാലാക്കരി. കുറഞ്ഞ നിരക്കിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കാൻ പറ്റിയ ഇടമാണ് പാലാക്കരി.10 മണി മുതൽ 6 മണി വരെയാണ് പ്രവേശനം. മീൻ കറിയും മീൻ വറുത്തതും കൂട്ടി അടിപൊളി ഒരു ഉച്ചയൂണ്. മാത്രമല്ല ചൂണ്ടയിടാനും, ബോട്ടിംഗിനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. 10 രൂപ കൊടുത്താൽ ചൂണ്ടയും ഇരയും കിട്ടും. ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ ന്യായവില നൽകി കൊണ്ടുവരാനും സാധിക്കും. ഉച്ചയൂണ് കൂടുതൽ വിഭവ സമൃദ്ധമാക്കണമെന്നു ആഗ്രഹം ഉള്ളവർക്ക് കൊഞ്ചും കക്കയും കരിമീനും വാങ്ങാം. ഇതിനു പക്ഷെ പ്രത്യേക നിരക്കാണ്. വൈകുന്നേരങ്ങളിൽ വരുന്നവർക്കു ഭക്ഷണം ലഭിക്കില്ല. സ്പീഡ് ബോട്ടിൽ കയറാനും പ്രത്യേക ഫീസ് നൽകണം.

പ്രവേശന നിരക്ക്:

മുതിർന്നവർ- 200 രൂപ, കുട്ടികൾ- 150 രൂപ (10.00 am- 5.00 pm)
മുതിർന്നവർ- 50 രൂപ, കുട്ടികൾ- 25 രൂപ (3.00 pm- 6.00 pm, )

വൈക്കം–തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിലാണ് പാലാക്കരി അക്വ ടൂറിസം ഫാം. വൈക്കത്തു നിന്ന് 9 കിലോ കിലോ മീറ്ററും തൃപ്പൂണിത്തുറയിൽ നിന്ന് 25 കിലോ മീറ്ററും സഞ്ചരിച്ചാൽ ഫാമിലെത്താം.

2. ബാക്ക്പാക്ക് ടൂറിസത്തിനു മട്ടാഞ്ചേരി

ബാക്ക്പാക്ക് ടൂറിസത്തിൽ ഒട്ടും പിന്നിലല്ല നമ്മുടെ കൊച്ചി. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ബാക്ക്പാക്കർ യാത്രക്കാരുടെ ഇഷ്ടസ്ഥാനം. കേരള ഭക്ഷണം രുചിക്കുക, ഇന്ത്യയുടെ ആതിഥ്യം ആസ്വദിക്കുക, ഫോർട്ട് കൊച്ചിയിലെ സാംസ്കാരികവൈവിധ്യം അടുത്തറിയുക, ബീച്ചിൽ സമയം ചിലവഴിക്കുക തുടങ്ങിയവയാണ് കൊച്ചിയിലേക്കു യാത്ര വരുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ജൂത തെരുവ്, ചീന വല, 400 വർഷം പഴക്കമുള്ള ജൂതപ്പള്ളി(മട്ടാഞ്ചേരി സിനഗോഗ്), മട്ടാഞ്ചേരി പാലസ്, മ്യൂസിയം തുടങ്ങിയവയെല്ലാം യാത്രക്കാരെ ആകർഷിക്കുന്നു. ഫോർട്ട് കൊച്ചിയിൽ ഗ്രീനിക്സ് വില്ലേജ് വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

താമസം:
500 രൂപ മുതൽ റൂമുകൾ ലഭ്യമാണ്. ഹാപ്പി കാംപെർ ഹോസ്റ്റൽ, വേദാന്ത വേക് അപ്പ് ഹോസ്റ്റൽ, തുടങ്ങിയ ഹോസ്റ്റലുകളും ഹോം സ്റ്റേ സൗകര്യങ്ങളും ലഭ്യമാണ്.

3. സാംസ്‌കാരിക, പൈതൃക ടൂറിസം കേന്ദ്രങ്ങൾ

കൊച്ചിയിൽ സാംസ്‌കാരിക പൈതൃക ടൂറിസത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. നൂറ്റാണ്ടുകളായി മൂന്നു സാമ്രാജ്യശക്തികൾ മാറി മാറി ഭരിച്ച ഫോർട്ട് കൊച്ചിയാണ് ഇതിൽ മുൻപന്തിയിൽ. അവർ അവശേഷിപ്പിച്ച പലതും ഇന്നും ഫോർട്ട് കൊച്ചിയിൽ നിലനിൽക്കുന്നു.

· വാസ്കോ ഹൗസ് (Vasco House)

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർമ്മിച്ച വാസ്കോ ഹൗസ് ഫോർട്ട് കൊച്ചിയിലെ പഴയ പോർച്ചുഗീസ് വാസസ്ഥലങ്ങളിൽ ഒന്നാണ്.

· ബാസ്റ്റ്യൻ ബംഗ്ലാവ് (Bastion Bungalow)

എറണാകുളം ഫോർട്ട് കൊച്ചിയിലെ നദീർ റോഡിലാണ് ഇൻഡോ-യൂറോപ്യൻ ശൈലിയിൽ പണി കഴിപ്പിച്ച ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. 1667ൽ പണി തീർത്ത ഈ ബംഗ്ലാവ് ഇന്ന് സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണ്. വൃത്താകൃതിയിലുള്ള ഘടനയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂരയാണ് മറ്റൊരു പ്രത്യേകത.

· ബ്രണ്ടൺ ബോട്ട് യാർഡ് (Brunton Boatyard)

ബ്രിട്ടീഷ് കാലത്തെ ഒരു കപ്പല്‍ നിര്‍മ്മാണകേന്ദ്രമായിരുന്നു. വാസ്തുവിദ്യ അതേപോലെ നിലനിർത്തിക്കൊണ്ട് ഒരു ഹോട്ടൽ ആയി പ്രവർത്തിക്കുന്നു. ആ ചരിത്രകാലഘട്ടത്തിലെ എല്ലാ സ്മാരകങ്ങളും നിലനിർത്തികൊണ്ട് തന്നെയാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്.

· ഡേവിഡ് ഹാൾ (David Hall)

ഡച്ച് പ്രശസ്തിയെ അനുസ്മരിപ്പിക്കുന്ന ഡേവിഡ് ഹാൾ ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിന്റെ ഒരു വശത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രസ്മാരകത്തിൻറെയും വാസ്തുവിദ്യകളുടെയും മനോഹാരിത നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ഇത് ഇന്ന് ഒരു സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്.

· താക്കൂർ ഹൗസ് (Thakur House)

കാലഘട്ടത്തിന്റെ പ്രതിഫലനമായ താക്കൂർ ഹൗസ് മുമ്പ് കുനാൽ അഥവാ ഹിൽ ബംഗ്ലാവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത് ബ്രിട്ടീഷ് ഭരണകാലത്ത് നാഷണൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജർമാരുടേതാണ്. പ്രശസ്ത തേയില വ്യാപാര കമ്പനിയായ രാം ബഹാദൂർ താക്കൂർ കമ്പനിയുടെ കീഴിലാണ് ഇന്ന് ഈ ബംഗ്ലാവ്.

· ഓൾഡ് ഹാർബർ ഹൗസ് (Old Harbor House)

1808 ൽ തേയില ബ്രോക്കർമാരായ കരീത് മോറാൻ ആൻഡ് കമ്പനി നിർമിച്ചു. പിന്നീട് തേയില ബ്രേക്കിംഗ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ താമസസ്ഥലമായി മാറി. ഇന്ന് ഇതൊരു ഹെറിറ്റേജ് ഹോട്ടലാണ്‌. ഒരിക്കൽ നാവികരുടെ ഇഷ്ട കേന്ദ്രമായിരുന്നു ഓൾഡ് ഹാർബർ ഹൗസ്.

· കോഡർ ഹൗസ് (Koder House)

1800 കളിലെ പോർച്ചുഗീസ് വാസസ്ഥലമായിരുന്നു ഇത്. 1905 ൽ കൊച്ചിയിലെ പ്രശസ്തമാ യഹൂദകുടുംബമായ സാമുവൽ എസ്. കോഡർ ഇത് വാങ്ങി പുതുക്കിപ്പണിതു. ഇൻഡോ-യൂറോപ്യൻ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഇന്ന് കോഡർ ഹൗസ്. 1920ൽ നിർമിച്ച തൂക്കുപാലത്തിന്റെ മോഡൽ കൊഡേർ ഹൗസിന്റെ മറ്റൊരു പ്രത്യേകതയാണ്.

· പിയേഴ്സ് ലെസ്ലി ബംഗ്ലാവ് (Pierce Leslie Bungalow)

1863-ൽ സ്ഥാപിതമായ പിയേഴ്സ് ലെസ്ലി ബംഗ്ലാവ് കോഫി വ്യാപാരികളായ പിയേഴ്സ് ലെസ്ലി ആൻഡ് കമ്പനിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഈ കെട്ടിടം പോർച്ചുഗീസ്, ഡച്ച്, പ്രാദേശിക സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. താഴത്തെ നിലയുടെ മേൽക്കൂര, കൊത്തുപണി ചെയ്ത വാതിലുകൾ, തുടങ്ങിയവ ആകർഷണീയമാണ്.

· ഡെൽറ്റ സ്റ്റഡി (Delta Study)

1808.ൽ നിർമിക്കർപ്പെട്ട ഡെൽറ്റാ സ്റ്റഡി ഇന്നൊരു സിബിഎസ്ഇ ഹൈസ്കൂൾ ആണ്. കൊച്ചിയിലെ ഒരു പഴയ വെയർഹൗസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1976 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഫോർട്ട് കൊച്ചിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

· മംഗളവനം പക്ഷിസങ്കേതം

പ്രകൃതിയെ സ്നേഹിക്കുന്നവർക് ആസ്വദിക്കാൻ കഴിയുന്ന ഒരിടമാണ് മംഗളവനം പക്ഷിസങ്കേതം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു കൊച്ചു തുരുത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊച്ചിയുടെ പച്ചനിറമുള്ള ശ്വാസകോശം എന്നും മംഗളവനം അറിയപ്പെടുന്നു.

പ്രവർത്തന സമയം- 5.30 am – 6.00 pm

· മുനമ്പം ബീച്ച്

മുനമ്പം ഹാർബർ വരെ നീണ്ടു കിടക്കുന്ന ഈ തീരം പട്ടം പറത്താനും അനുയോജ്യമാണ്. തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം കൂടിയാണ് മുനമ്പം ബീച്ച്.

· ചെറായി ബീച്ച്

കടൽ എപ്പോഴും നമ്മളെ ആകർഷിക്കും. വിദേശീകൾക്കും സ്വദേശികൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒരിടമാണ് ചെറായി ബീച്ച്. ചീനവലകൾ മാത്രമല്ല തെങ്ങിൻതോപ്പും, പാടങ്ങളുമെല്ലാം ചെറായിയിലെ മനോഹരമായ കാഴ്ചകളാണ്. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെ കാണാനുള്ള അവസരവും ചെറായി ബീച്ച് നിങ്ങൾക്ക് നൽകും.

· മറൈൻ ഡ്രൈവ്

സൂര്യാസ്തമയവും ഉദയവും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മറൈൻ ഡ്രൈവ്. വേമ്പനാട് തടാകത്തിൽ നിന്നുള്ള കാറ്റേറ്റ് മറൈൻ ഡ്രൈവിൽ സമയം ചിലവിടാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. ഷോപ്പിംഗിനു മാറ്റിയ ധാരാളം മാളുകളും ഈ പരിസരത്തുണ്ട്.

· ഫോർട്ട് കൊച്ചി ബീച്ച്

കടൽ പാലത്തിൽ നിന്ന് കാഴ്ചകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.. സായാഹ്നങ്ങളിൽ ഫോർട്ട് കൊച്ചി ബീച്ചിൽ പോയിരുന്നാൽ സൂര്യാസ്തമയ കാഴ്ചയും. പക്ഷികളുടെ പാട്ടും ഇളം കാറ്റും നമുക്ക് കൂടുതൽ സന്തോഷം തരുന്നു. ഫോർട്ട് കൊച്ചിയിലെ ചീനവലകളും, തെരുവ് വ്യാപാരശാലകളും ആസ്വദിക്കാതിരിക്കാൻ കഴിയില്ല.

· ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്

നവദമ്പതികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഇടമാണ് പൈതൃക സ്വത്ത് കൂടിയായ ബോൾഗാട്ടി റിസോർട്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മട്ടാഞ്ചേരിയും മറൈൻ ഡ്രൈവുമെല്ലാം അടുത്തു തന്നെ സ്ഥിതി ചെയുന്നു. രാജകീയമായ താമസസൗകര്യം തന്നെയാണ് ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട് വാഗ്ദാനം ചെയ്യുന്നത്.

താരിഫ് – ഒരു രാത്രിക്ക് 3,200 മുതൽ