Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOD AND DRINK

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതാ മൂന്ന് തകര്‍പ്പന്‍ ചായക്കൂട്ടുകള്‍!; ജലദോഷത്തിനും ദഹനപ്രശ്‌നത്തിനും ആശ്വാസം

, 7:16 pm

മഴക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഒപ്പം രോഗങ്ങളും. മഴക്കാലമായാല്‍ ചൂടോടെ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ കൂടി തോന്നുന്ന കാലം കൂടിയാണ്. എന്നാല്‍ രോഗങ്ങള്‍ക്ക് കൂടി സാധ്യതയേറുന്ന കാലം കൂടിയാണ് ഈ മഴക്കാലം എന്നത് മറക്കേണ്ട. മറ്റു കാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തെ ആഹാര ക്രമത്തില്‍ ഒരല്‍പം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതില്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍ തന്നെ മഴക്കാലരോഗങ്ങളില്‍ പലതിനേയും നമുക്ക് അകറ്റി നിര്‍ത്തുകയും ചെയ്യാം.

അതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കുടിക്കുന്ന വെള്ളത്തിലാണ്. തിളപ്പിച്ചാറ്റിയ വെള്ളമാണ് മഴക്കാലത്ത് ഏറ്റവും നല്ലത്. ചൂടോടെയുള്ള ചുക്ക്കാപ്പി, ഇഞ്ചി ചായ, നാരങ്ങ ചായ എന്നിവയെല്ലാം നല്ലതാണ്. തലേദിവസം ഉണ്ടാക്കിയതോ ഫ്രിഡ്ജില്‍ സൂക്ഷിച്ചതോ ഒക്കെയായ ആഹാരങ്ങളോട് ‘നോ’ പറയുക.

വിറ്റാമിന്‍ -സി അടങ്ങിയ ആഹാരമാണ് മഴക്കാലത്ത് ഏറ്റവും നല്ലത്. അമിതമായ മസാലകള്‍ ചേര്‍ത്ത ആഹാരം, ജങ്ക് ഫുഡ് എന്നിവയോടെല്ലാം തത്കാലം എങ്കിലും മഴക്കാലത്ത് വിടപറയാം. ദഹനം ഒരല്‍പം പതുക്കെയാകുന്ന സമയമാണ് ഈ തണുപ്പ്കാലം. അതുകൊണ്ട് തന്നെ ദഹനത്തെ സഹായിക്കുന്ന ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മഞ്ഞള്‍, മല്ലി എന്നിവ മഴക്കാലത്ത് കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതാ മഴക്കാലത്ത് ചൂടോടെ നുകരാന്‍ കഴിയുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1 മസാല ടീ

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലാകുന്ന ഒന്നാണ് മസാല ചായ. ആദ്യം നോര്‍ത്ത് ഇന്ത്യയിലായിരുന്നു ഇതിനു വന്‍ പ്രചാരം. ഇപ്പോള്‍ നമ്മള്‍ സൗത്ത് ഇന്ത്യക്കാരും ഇതിന്റെ ആരാധകരാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും എന്നാല്‍ ഏറെ ഗുണകരവുമാണ് ഇത്.

ചേരുവകള്‍

3/4 കപ്പ് വെള്ളം

1/2 കപ്പ് പാല്‍

2 ടീസ്പൂണ്‍ ഇല തേയില

1/2 ടീസ്പൂണ്‍ ഇഞ്ചി

2 ടീസ്പൂണ്‍ പഞ്ചസാര

1/2 ടീസ്പൂണ്‍ ചായ മസാല

തിളച്ചു വരുന്ന വെള്ളത്തിലേക്ക് ആദ്യം തേയില ഇട്ട ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക,പട്ട,ഗ്രാമ്പൂ,തക്കോലം ഇവ നന്നായി പൊടിച്ചെടുത്ത ചായ മസാല ചേര്‍ക്കുക. ശേഷം പാല്‍, പഞ്ചസാര എന്നിവയും ചേര്‍ത്താല്‍ നല്ല അസ്സല്‍ മസാല ചായ റെഡി.

2 ഇഞ്ചി ചായ

വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് ഇഞ്ചി ചായ. ജലദോഷമോ ദഹനപ്രശ്‌നമോ എന്തുമാകട്ടെ പരിഹാരം ഈ ഇഞ്ചി ചായയിലുണ്ട്. ആന്റി ബാക്ടീരിയല്‍ ഫലങ്ങള്‍ ധാരാളമുള്ളതാണ് ഇഞ്ചി. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഇഞ്ചി ചായ കുടിക്കുന്നതും ഉത്തമം.

അവശ്യവസ്തുക്കള്‍

വെള്ളം – മുന്ന് കപ്പ്
ഇഞ്ചി – ചെറിയ രണ്ട് കഷണം
കുരുമുളക് – ആറെണ്ണം
ഗ്രാമ്പൂ – അഞ്ചെണ്ണം
ഏലക്കായ് – നാലെണ്ണം
മസാല പൗഡര്‍
ടീ പൗഡര്‍ – 14 ടീസ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
പാല്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് എടുത്ത് ഉപയോഗിക്കുക.

3 കാശ്മീരി കാവ

ചില മധ്യേഷ്യന്‍ രാജ്യങ്ങളിലും കാശ്മീര്‍ താഴ്‌വരയിലും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരുതരം ചായ(green tea)യാണ് കാഹ്-വ അഥവാ കാവ. .തേയില, കുങ്കുമപ്പൂവിന്റെ കേസരം,കറുവാപ്പട്ട,ഏലം,കാശ്മീരി റോസ് ഇതളുകള്‍ എന്നിവ ചേര്‍ത്ത് തിളപ്പിച്ചാണ് കാവ തയ്യാറാക്കുന്നത്. തുടര്‍ന്ന് പഞ്ചസാരയോ തേനോ ചേര്‍ക്കുന്നു.ബദാം,വാള്‍നട്ട് തുടങ്ങിയവയും പൊടിച്ചു ചേര്‍ക്കാറുണ്ട്. എന്നാല്‍ ഈ കാവ നമുക്കും ഉണ്ടാക്കാം. തണുപ്പുള്ള കാലാവസ്ഥയ്ക്ക് അടിപൊളിയാണ് ഇത്.

തയ്യാറാക്കേണ്ട വിധം പരിചയപ്പെടാം

4 ടിസ്പൂണ്‍ ഗ്രീന്‍ ടീ
1/4 ടീസ്പൂണ്‍ കൂങ്കുമപ്പൂവ്
2 ഏലയ്ക്ക ,ചതച്ചത്
8 ബദാം തോലു കളഞ്ഞ് ചെറുതായി മുറിച്ചത്
1 കഷണം കറുവാപട്ട
2 ഗ്രാമ്പൂ
2 ടേബിള്‍സ്പൂണ്‍ പഞ്ചസാര
3 കപ്പ് വെള്ളം

മൂന്ന് കപ്പ് വെള്ളം,ഗ്രാമ്പൂ,ഏലയ്ക്ക,പട്ട എന്നിവ ചേര്‍ത്ത് തിളച്ചാല്‍ ഇറക്കി തേയില ചേര്‍ക്കുക. കുങ്കുമപ്പൂവ് കുറച്ചു വെള്ളത്തില്‍ കുതിര്‍ക്കുക. അരിച്ചെടുത്ത ചായയില്‍ കുങ്കുമപ്പൂവ് കുതിര്‍ത്തതും ബദാം കഷണങ്ങളും ചേര്‍ത്താല്‍ സൂപ്പര്‍ കാവ റെഡി.

Advertisement