Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TRAVELOGUE

അംബോലി, അധികമാരും അറിയാത്തൊരു നാട്

, 5:16 pm

മഴയുടെ ഏറ്റവും മനോഹരമായ ഭാവം കാണാന്‍, മഴക്കാലത്തു എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന  എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ കാണാന്‍, കോടമഞ്ഞ്‌ പുതച്ച താഴ്വാരങ്ങള്‍ കാണാന്‍ അംബോലിയിലേക്ക് വരാം. അധികമാരും അറിയാത്ത, അധികം സഞ്ചാരികള്‍ ചെന്നെത്താത്ത മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അംബോലി.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്. മഴക്കാലമാണ് അംബോലിയെ ഏറ്റവും മനോഹരിയാക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്പോട്ടുകളില്‍ ഒന്നാണ് അംബോലിയെന്നു നിസംശയം പറയാം. സാധാരണ വിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഒരുപാട് കാഴ്ചകളൊന്നും അംബോലിയിലില്ല. എന്നാല്‍ ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ അംബോലി ഒരിക്കലും മനസില്‍ നിന്നും മായില്ല. സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്‌റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ട് കൂടിയാണ്. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലി സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ്.

മഴക്കാലത്ത് രൂപപ്പെടുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളാണ് അംബോലിയുടെ മണ്‍സൂണ്‍ ആകര്‍ഷണങ്ങളില്‍ പ്രധാനം. എത്രയും മഴ കൂടുന്നുവോ അത്രയും വെള്ളച്ചാട്ടങ്ങള്‍ ഇവിടെ രൂപപ്പെടും. അംബോലി ഫാള്‍സ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കോടമഞ്ഞ്‌ മൂടിയ വഴികള്‍ വകഞ്ഞുമാറ്റി വേണം അംബോലിയിലേക്കെത്താന്‍. അംബോലിയിലെ മറ്റൊരു വിശേഷപെട്ട സ്ഥലമാണ് ഹിരണ്യകേശി മന്ദിര്‍. ഇവിടെ നിന്നാണ് ഹിരണ്യകേശി നദി ഉത്ഭവിക്കുന്നത്. കര്‍ണാടകത്തിലെത്തുമ്പോള്‍ ഈ നദി ഘട്ടപ്രഭ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബ്രിട്ടീഷുകാരാണ് അംബോലിയെ ഇന്ന് കാണുന്ന അംബോലിയാക്കി മാറ്റിയത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇഷ്ടസ്ഥലമായിരുന്നു അംബോലി ഹില്‍ സ്‌റ്റേഷന്‍. കേണല്‍ വെസ്‌ട്രോപ്പിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. മാധവ്ഘട്ട് കോട്ട,  കവലേഷട്ട് പോയിന്റ്‌ എന്നിവയും അംബോലിയുടെ സ്വന്തമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പേരില്‍ പ്രസിദ്ധമാണ് ഈ പോയിന്റ്‌. കൂടാതെ ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമമാണ് അംബോലി. അത്രയ്ക്കാണ് ഇവിടുത്തെ ജൈവവൈവിധ്യം.

മഹാരാഷ്ട്രയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ അംബോലിയിലെത്താം. സാവന്ത്‌വാടി റയില്‍വേ സ്‌റ്റേഷനാണ് അംബോലിയ്ക്കടുത്തുള്ളത്, തീവണ്ടി ഇറങ്ങിയാല്‍ അബോലിയിലേയ്ക്ക് 52 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം.  ഗോവയിലെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് അംബോലിയ്ക്ക് തൊട്ടടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 67 കിലോമീറ്ററേ ഇവിടേയ്ക്ക് സഞ്ചരിക്കേണ്ടതുള്ളു. മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.

Advertisement