വിനോദയാത്ര; മലയാളികള്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാന്‍ പ്രിയം കുറയുന്നു

2018നെ ആവേശപൂര്‍വം കാത്തിരിക്കുകയാണ് നമ്മള്‍. ഓരോ വര്‍ഷവും യാത്രകളുടേത് കൂടിയാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും യാത്രകള്‍ ചെയ്യാനുള്ള മലയാളികളുടെ ശീലത്തിനും മാറ്റങ്ങള്‍ വരുന്നുണ്ട്.

അടുത്ത വര്‍ഷം മലയാളികളായ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും പോകാന്‍ ആഗ്രഹിക്കുന്നത് ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കായിരിക്കുമെന്ന് പുതിയ സര്‍വേ പറയുന്നു. 22 ശതമാനം പേരും കുടുംബമായോ, ഭാര്യാസമേതമോ, സുഹൃത്തുക്കളോടൊത്തോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് ആഗോള ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ബുക്കിംഗ് ഡോട്ട് കോം നടത്തിയ സര്‍വേയില്‍ പറയുന്നത്.

2018ല്‍ മലയാളികളുടെ യാത്രാ അഭിരുചികള്‍ എത്തരത്തിലായിരിക്കുമെന്ന് കണ്ടെത്താനാണ് സര്‍വേ സംഘടിപ്പിച്ചത്. കൂടുതല്‍ പേര്‍ക്കും ഹോട്ടലുകളോടല്ല താല്‍പ്പര്യമെന്നതും ശ്രദ്ധേയമായി.

യാത്രയ്ക്കിടെ ഹോട്ടലുകളല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. ഹോം സ്റ്റേ, ടെന്റുകള്‍ എന്നിവയിലെ താമസമായിരിക്കും അടുത്ത വര്‍ഷം മലയാളികള്‍ക്കിടയില്‍ ട്രെന്റ് ആവുക. യാത്രാ വേളകളിലെ താമസം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനും മലയാളികള്‍ ശീലിക്കുന്നുണ്ടെന്ന് സര്‍വേ പറയുന്നു.

വിനോദയാത്രകള്‍ക്കുള്ള സ്ഥലം ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി യാത്ര ചെയ്യാനാണ് അടുത്ത വര്‍ഷം മലയാളികള്‍ കൂടുതലായും താല്‍പര്യം പ്രകടിപ്പിക്കുകയെന്നും സര്‍വേയില്‍ പറയുന്നു.

66 ശതമാനം പേരും പരമാവധി സ്ഥലങ്ങള്‍ എത്രയും പെട്ടെന്ന് സന്ദര്‍ശിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നത്. അടുത്ത വര്‍ഷം കൂടുതലും സാഹസികത നിറഞ്ഞ യാത്രകള്‍ക്കായിരിക്കും മലയാളികള്‍ പ്രാമുഖ്യം നല്‍കുകയെന്നും സര്‍വേയിലുണ്ട്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക രുചി വൈവിധ്യങ്ങളും മലയാളികള്‍ തേടും.