'ദേശവിരുദ്ധര്‍ക്ക് നല്‍കേണ്ടത് ബിരിയാണിയല്ല, വെടിയുണ്ടയാണ്'; അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി

രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെച്ചിടണമെന്ന കേന്ദ്ര മന്ത്രി  അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി. “ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല മറിച്ച് വെടിയുണ്ടകളാണ് നല്‍കേണ്ടതെന്ന് ഠാക്കൂറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്  കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവി ട്വിറ്ററില്‍ കുറിച്ചു.

ദേശവിരുദ്ധര്‍ക്കെതിരേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദികളായ അജ്മല്‍ കസബിന്റെയും യാക്കൂബ് മേമന്റെയും വധത്തെ എതിര്‍ത്തവരും പൗരത്വ നിയമത്തെ കുറിച്ച് വ്യാജപ്രചാരണം നടത്തുന്ന ടുക്‌ഡെ ടുക്‌ഡെ ഗ്രൂപ്പുകളുമാണെന്നും രവി ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രക്ഷോഭം നടത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് അനുരാഗ് ഠാക്കൂര്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഇതേസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 30-ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കുറ്റം തെളിഞ്ഞാല്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടുന്ന രണ്ടാമത്തെ ബിജെപി നേതാവായിരിക്കും അനുരാഗ് ഠാക്കൂര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കപില്‍ മിശ്രയെ പ്രചാരണങ്ങളില്‍ നിന്ന് കമ്മീഷന്‍ നേരത്തെ വിലക്കിയിരുന്നു.