200 കോടിയുടെ ആഡംബര വിവാഹം ഹിമാലയന്‍ മലനിരകളെ കുപ്പത്തൊട്ടിയാക്കി. ഹിമാലയന്‍ വിനോദസഞ്ചാര കേന്ദ്രമായ ഉത്തരാഖണ്ഡിലെ ഔലിയില്‍ 32,100 കിലോ മാലിന്യമാണ് നീക്കിയത്. ജോഷിമത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് മാലിന്യങ്ങള്‍ നീക്കിയതായി അറിയിച്ചത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായികളില്‍ നിന്ന് പിഴ ഈടാക്കി.
2.5 ലക്ഷം രൂപയാണ് ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. വിവാഹം നടത്തിയ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ഇതിന്റെ ചലാന്‍ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് കൂടാതെ മാലിന്യം നീക്കിയതിന് 8.14 ലക്ഷം രൂപയുടെ ബില്ലും മുനിസിപ്പാലിറ്റി തയ്യാറാക്കുന്നുണ്ട്. മാലിന്യ പ്രശ്നം വലിയ വിവാദമായതിനെ തുടര്‍ന്ന് വ്യവസായികള്‍ 5.54 ലക്ഷം രൂപ നേരത്തെ അടച്ചിരുന്നു. കൂടാതെ എല്ലാ ബില്ലുകളും പിഴയും ഉടന്‍ തന്നെ അടച്ചു തീര്‍ക്കാമെന്നും മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരെ അവര്‍ അറിയിച്ചിട്ടുണ്ട്.
വ്യവസായികളായ അജയ് ഗുപ്തയുടേയും അതുല്‍ ഗുപ്തയുടേയും മക്കളുടെ വിവാഹമാണ് ഔലിയിലെ പിക്ചറസ്‌ക്യു മൗണ്ടെയ്ന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു വിവാഹ ചടങ്ങുകള്‍ നൈനിറ്റാള്‍ ഹൈക്കോടതിയുടെ തന്നെ കര്‍ശന നിരീക്ഷണത്തിലായിരുന്നു വിവാഹം. 150 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. വിവാഹത്തിന് പിന്നാലെ നിരത്തുകളിലും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുകയായിരുന്നു.
വിവാഹത്തില്‍ ധാരാളം സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിമാര്‍, കത്രീന കൈഫ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍, പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് തുടങ്ങിയവരാണ് ഇതില്‍ പങ്കെടുത്തത്. അതിഥികളെ എത്തിക്കാന്‍ ഹെലികോപ്ടറുകളും അവിടെയെത്തിയിരുന്നു.
Read more
20 ജീവനക്കാരെയാണ് കോര്‍പ്പറേഷന്‍ ക്ലീനിങ്ങിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തോടും മാലിന്യ നിയന്ത്രണ ബോര്‍ഡിനോടും ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ജൂലൈ ഏഴിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.