കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ അക്രമത്തെ പ്രകോപിപ്പിച്ചതായും തങ്ങളോട് ലൈംഗിക പരാമർശങ്ങൾ നടത്തിയതായും ജാദവ്പൂർ സർവകലാശാലയിലെ ഇടതുപക്ഷ വിദ്യാർത്ഥികൾ. കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ ബാബുൽ സുപ്രിയോയെ കൈയേറ്റം ചെയ്യുകയും കറുത്ത കൊടി കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഇടതുപക്ഷ വിദ്യാർത്ഥികൾ ബിജെപി നേതാവിനെതിരെ എതിർ ആരോപണം ഉയർത്തിയിരിക്കുന്നത്.
അതേസമയം ഇടതുപക്ഷ വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നിരസിച്ചു. ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് ബാബുൽ സുപ്രിയോ ജാദവ്പൂർ സർവകലാശാലയിൽ കഴിഞ്ഞ ദിവസം എത്തിയത്.
സുപ്രിയോ കാമ്പസിലേക്ക് വരുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നതിനാൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളും ഇടതുപക്ഷ സംഘടനകളിൽ നിന്നുമുള്ളവരും ഇതിൽ പങ്കെടുത്തു, കറുത്ത കൊടി കാണിക്കാനും തീരുമാനിച്ചിരുന്നു, എസ്എഫ്ഐയുടെ കൊൽക്കത്ത ജില്ലാ സെക്രട്ടറി സമൻവയ് റാഹ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രകടനത്തിൽ, അവിടെ തടിച്ചുകൂടിയ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ ബംഗാളിയിൽ ലൈംഗിക പരാമർശം നടത്തിയ സുപ്രിയോ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതിഷേധിച്ച എല്ലാ വിദ്യാർത്ഥികളും ക്യാമ്പസിൽ നിന്ന് പുറത്തു പോയില്ലെങ്കിൽ ഹാളിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു എന്ന് സമൻവയ് ആരോപിച്ചു.
Read more
2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പരാജയപ്പെടുത്താൻ ബി.ജെ.പിയും സഖ്യകക്ഷികളും സംസ്ഥാനത്ത് മുന്നേറ്റം നടത്താൻ ശ്രമിക്കുന്ന സമയത്താണ് ജാദവ്പൂർ സർവകലാശാല അക്രമമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. അക്രമത്തെ തുടർന്ന് ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രി മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ നിലനിൽക്കുന്ന “അധാർമ്മികതയുടെ” സൂചനയാണ് സർവകലാശാലയിലെ അക്രമം കൊണ്ട് സൂചിപ്പിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.