'മുള' അസ്ഥിത്വ പ്രതിസന്ധിയില്‍ , ഇനി മരമല്ല,പുല്ലുമല്ല,എങ്കില്‍ 'വനവിഭവ'മാക്കാമെന്ന് സര്‍ക്കാര്‍

മുളയെ മരമല്ലാതായി കണക്കാക്കുന്ന വനനിയമ ഭേദഗതി ബില്‍ ലോകസഭ അംഗീകരിച്ചു. മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനൊന്നും പെര്‍മിറ്റ് ആവശ്യമില്ലാതെയാകും. തീരുമാനം വലിയ പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1927ലെ ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. 2022 ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ല് പാസാക്കിയത്.

മുള വനവിഭവമായതിനാല്‍ ചില നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. ഇത് മുളകൊണ്ടുള്ള വ്യവസായങ്ങള്‍ വളരുന്നതിന് തടസമാകുന്നുണ്ട്. അതുകൊണ്ട് മുളകൃഷി, ബന്ധപ്പെട്ട വ്യവസായം ഇവ പ്രോത്സാഹിപ്പിക്കാനാണ് മുളയെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയത്.

Read more

എന്നാല്‍, വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ മുന്‍പത്തേത് പോലെ തന്നെ തുടരും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു മുള കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പല സംസ്ഥാനങ്ങളിലും മുള വീടുനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ മുളയുടെ ആവശ്യം 28 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.