2019- ലെ രാഷ്ട്രീയ വഴിത്തിരിവുകൾ; പോയവർഷം ഇന്ത്യയിൽ ഏറ്റവും പ്രാധാന്യം നേടിയ രാഷ്ട്രീയ സംഭവങ്ങൾ

ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ‘വഴിത്തിരിവുകൾ’ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾ 2019-ൽ ഉണ്ടായി. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുതൽ രാജ്യത്തെ യുവാക്കളെ തെരുവിലിറക്കിയ പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) വരെ, നിരവധി നല്ലതും ചീത്തയുമായ ഓർമ്മകൾ അവശേഷിപ്പിച്ചാണ് ഈ വർഷം കടന്നു പോകുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കൽ

2019 ഓഗസ്റ്റ് 5- ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു, ഇത് ജമ്മു കശ്മീർ സംസ്ഥാനത്തെ പ്രത്യേക പദവിയിൽ നിന്ന് നീക്കം ചെയ്തു. ജമ്മു കശ്മീർ ഒരു സംസ്ഥാനമായി തുടരുന്നത് അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു – ഡൽഹി പോലെ നിയമസഭയുള്ള ജമ്മു കശ്മീർ, ചണ്ഡിഗഡ് പോലെ നിയമസഭയില്ലാത്ത ലഡാക്കുമായി ജമ്മു കശ്മീർ വിഭജിക്കപ്പെട്ടു. പഴയ സംസ്ഥാനത്തിന്റെ പ്രത്യേക പദവി അസാധുവാക്കാൻ നിർദ്ദേശിക്കുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളും ചൂടേറിയ സംവാദങ്ങൾക്ക് ശേഷം പാസാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനു മുമ്പ്, സംസ്ഥാനത്ത് നിയമങ്ങൾ നടപ്പാക്കാൻ ജമ്മു കശ്മീർ സർക്കാരിന്റെ അനുമതി കേന്ദ്ര സർക്കാരിനു തേടേണ്ടതുണ്ടായിരുന്നു. ഇനി, അത് ആവശ്യമില്ല.

സർക്കാരിന്റെ നീക്കം ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സംഘടനകളിൽ നിന്ന് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ നേടി. ദുരിതബാധിത പ്രദേശത്തെ നിവാസികളും ഈ നീക്കത്തെ എതിർത്തു, കലഹം തടയാൻ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ മറ്റെവിടെയെങ്കിലും തടങ്കലിൽ വെയ്ക്കുകയോ ചെയ്തു. പ്രതിഷേധത്തെ തുടർന്ന്, ആർട്ടിക്കിൾ 144 താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ അടിച്ചേൽപ്പിക്കുകയും തെറ്റായ വിവരങ്ങളുടെ വ്യാപനം പരിശോധിക്കുന്നതിന് ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ തടയുകയും ചെയ്തു. ഇന്നുവരെ, ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള സംവരണം

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ലഭ്യമാക്കാനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) സർക്കാരിന്റെ ആദ്യത്തെ ഔദ്യോഗിക കാലാവധി അവസാനിക്കുനിക്കാനിരിക്കെ 2019- ലെ 124-ാമത് ഭരണഘടന ഭേദഗതി ബിൽ കൊണ്ടുവന്നു. ഇത് എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ജനറൽ വിഭാഗത്തിലുള്ളവർക്ക്‌ സർക്കാർ ജോലികളിലും വിദ്യാഭ്യാസം നേടുന്നതിനും സംവരണം ലഭ്യമാക്കി, നേരത്തെ മുൻ സൈനികർ വൈകല്യമുള്ളവർ മുതലായവർക്ക് ലഭിക്കുന്ന ക്വാട്ട ഒഴികെയുള്ള സംവരണം ഒന്നും ഇവർക്ക് ലഭിച്ചിരുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 ജനുവരിയിൽ ഈ സംവരണം ഏർപ്പെടുത്തിയതിനാൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പ്രേരിതമായി ചെയ്ത ഒന്നായിട്ടാണ് പലരും ഈ നീക്കത്തെ വിലയിരുത്തിയത്. ഇഡബ്ല്യുഎസിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഭിന്നിച്ചിരിക്കുമ്പോഴും, സർക്കാർ ജോലികളിൽ ഇഡബ്ല്യുഎസ് ക്വാട്ട നേടാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനും സ്ഥാനാർത്ഥികൾക്ക് ഇപ്പോൾ അവസരമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019

2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നിലധികം കാരണങ്ങളാൽ ചരിത്രപരമായ ഒരു സംഭവമായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു പാർട്ടി – ഇവിടെ ബിജെപി – വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുന്നത്. ഒരു സഖ്യം എന്ന നിലയിൽ എൻ‌ഡി‌എ ലോക്സഭയിൽ ശക്തി വർദ്ധിപ്പിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 2014- ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞപ്പോൾ, പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിക്ക് തന്റെ സ്വന്തം മണ്ഡലമായ അമേത്തിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോൽക്കേണ്ടി വന്നു. എന്നിരുന്നാലും, താൻ മത്സരിച്ച മറ്റൊരു മണ്ഡലമായ കേരളത്തിലെ വയനാട്ടിൽ നിന്നും റെക്കോഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിച്ചു. ഉത്തർപ്രദേശിൽ സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 എണ്ണവും ബിജെപി നേടി. 2014- ൽ സീറ്റുകളൊന്നും നേടിയിട്ടില്ലാത്ത മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി (എസ്പി) യുമായുള്ള കൂട്ടുകെട്ടിൽ 10 സീറ്റുകൾ നേടി. യുപി കോൺഗ്രസിന് ഒരു ദുരന്തമായി മാറി, നിലവിൽ കോൺഗ്രസ് അദ്ധ്യക്ഷയായ സോണിയ ഗാന്ധി മാത്രമാണ് ഇവിടെ ഒരു സീറ്റ് നേടിയത്. പശ്ചിമ ബംഗാളിൽ 42 സീറ്റുകളിൽ 18 എണ്ണവും ബിജെപി നേടിയത് തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 34 സീറ്റുകളിൽ നിന്ന് 22- ലേക്ക് കൂപ്പുകുത്തി. ബംഗാളിൽ ഇടതുപാർട്ടികൾക്ക് അവരുടെ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തിരിച്ചെത്തിയത് മുമ്പത്തേതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെയാണ്.

പുൽവാമ ആക്രമണവും പരിണിതഫലവും

ഫെബ്രുവരി 14- ന് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്ത്യൻ പട്ടാളത്തിന്റെ സൈനിക സംഘത്തെ തീവ്രവാദികൾ ആക്രമിച്ച സംഭവത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ പിന്തുണയോടെ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഈ ആക്രമണം പാകിസ്ഥാൻ അതിർത്തിക്കപ്പുറത്ത് ഇന്ത്യൻ സർക്കാരിനെ പ്രതികാര നടപടിക്ക് പ്രേരിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്.

ഫെബ്രുവരി 26- ന് ഇന്ത്യ പാകിസ്ഥാനിലെ ബാലക്കോട്ടിൽ പുലർച്ചെ വ്യോമാക്രമണം നടത്തി, ഒരു തീവ്രവാദ ക്യാമ്പ് നശിപ്പിക്കുകയും നിരവധി ഭീകര പ്രവർത്തകരെ ഇല്ലാതാക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി പാകിസ്ഥാൻ അതിർത്തി കടന്ന് എഫ് -16 യുദ്ധവിമാനങ്ങൾ അയച്ചു, അതിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടു.

പ്രത്യാക്രമണത്തിനിടെ, ഇന്ത്യൻ യുദ്ധവിമാന പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ സേന പിടികൂടി പിന്നീട് ചർച്ചകൾക്ക് ശേഷം വിട്ടയച്ചു.

ചിദംബരത്തിന്റെ അറസ്റ്റ്

ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത വർഷം കൂടിയായിരുന്നു 2019. അദ്ദേഹത്തിന്റെ നിരവധി ജാമ്യാപേക്ഷകൾ വിവിധ കോടതികൾ നിരസിച്ചു, അറസ്റ്റിലായി 106 ദിവസത്തിന് ശേഷം മാത്രമാണ് ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തു പോകാൻ അദ്ദേഹത്തിന് കഴിഞ്ഞത്. രാജ്യത്തെ ധനമന്ത്രിയായിരിക്കെ ചിദംബരം സാമ്പത്തിക ദുരുപയോഗത്തിൽ ഉൾപ്പെട്ടു എന്നാണ് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിക്കുന്നത്. അതേസമയം ഭരണകക്ഷിയായ ബിജെപിയുടെ ഭാഗത്തു നിന്നുള്ള രാഷ്ട്രീയ പകപോക്കലായാണ് കോൺഗ്രസ് പാർട്ടി അറസ്റ്റിനെ വിശേഷിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതി

പാർലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതും രാഷ്ട്രപതിയുടെ സമ്മതവും രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ നിലവിൽ നിയമമായ ബിൽ നിർദ്ദേശിക്കുന്നു.

ഇന്ത്യയുടെ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 11 വർഷമെങ്കിലും രാജ്യത്ത് താമസിക്കേണ്ടതിന്റെ ആവശ്യകതയിൽ നിയമപ്രകാരം ഇളവ് വരുത്തിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച സമുദായങ്ങളിൽ നിന്നുള്ള ഏതെങ്കിലും കുടിയേറ്റക്കാർ 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ വന്നവരാണെങ്കിൽ അവര്ക്ക് പൗരത്വത്തിനു അപേക്ഷിക്കാം.

ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിം സമുദായത്തെ പാർശ്വവത്കരിക്കുന്ന ഈ നിയമത്തിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പിനെ തുടർന്ന് നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെട്ടത്. മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ റദ്ദ് ചെയ്തു.

പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) നടപ്പാക്കുന്നതിനൊപ്പം നേരത്തെ അസമിൽ ചെയ്തത് പോലെ, രാജ്യത്തുടനീളം ദേശീയ പൗരന്മാരുടെ പട്ടിക (എൻ‌ആർ‌സി) സർക്കാർ നടപ്പാക്കുമെന്ന ആശങ്കയും ജനങ്ങൾക്കിടയിൽ ഉണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ സർക്കാർ നിഷേധിച്ചു.

Read more

പ്രധാനമായും ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയെ തുടർന്ന് ഡിസംബർ പകുതിയോടെ ഈ നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി. നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികളും മറ്റുള്ളവരും ജാമിയ വിദ്യാർത്ഥികളെ പിന്തുണച്ച് തെരുവിലിറങ്ങി.