ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും പ്രതിചേർക്കാതെ അസ്വാഭാവിക മരണത്തിനാണു കേസ്. ശ്രീജിത്തിന്റെ സമരത്തിൽ അണിചേർന്ന് ഒട്ടേറെപ്പേർ സമരപന്തലിൽ പിന്തുണ അറിയിച്ചെത്തിയിരുന്നു. സമരം വിയയിച്ചതോടെ സോഷ്യൽ മീഡിയ കൂട്ടായ്മ പിന്തുണ പിൻവലിച്ചതായും വിവരമുണ്ട്.
കേസ് ഏറ്റെടുക്കാൻ തയാറാണെന്നു ഹൈക്കോടതിയിൽ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നാണു ശ്രീജിത്ത് പറയുന്നത്. അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതായുള്ള ഉത്തരവു കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്.
കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ തന്നെ അറിയിക്കുംവരെ സമരം തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജിത്ത് പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തിവന്ന സമരമാണ് ഇതോടെ പരിസമാപ്തിയിലേക്ക് അടുക്കുന്നത്.
Read more
കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു. സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്.