രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിൽ അകപ്പെട്ടു പോയ കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാൻ തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു. തെക്കൻ സംസ്ഥാനത്തെ ലിംഗാംപള്ളിയിൽ നിന്ന് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്കാണ് 1,200 പേരുമായി ട്രെയിൻ പുറപ്പെട്ടത്. 24 കോച്ചുള്ള ട്രെയിനിൽ ഒരു കംപാർട്ട്‌മെന്റിൽ 72 പേർ ഇരിക്കാൻ സാധിക്കുമെങ്കിലും, സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ അനുസരിച്ച് 54 പേരാണ് ഒരു കംപാർട്ട്‌മെന്റിൽ ഉൾപ്പെടുത്തിയത്.
തെലങ്കാന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ ആണ് ഇപ്പോൾ സർവീസ് നടത്തുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
“തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ഞങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. അവരെ തിരികെ കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സുരക്ഷിതമായി ആരംഭിച്ചു”- ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു
“മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഞങ്ങൾക്ക് പ്രാധാന്യമുള്ളതുപോലെ തന്നെ സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളും പ്രധാനമാണ്. ഓരോ ജാർഖണ്ഡിന്റെയും സുരക്ഷയാണ് സർക്കാരിന്റെ മുൻഗണന” സോറൻ കൂട്ടിച്ചേർത്തു.
കോവിഡ് ലക്ഷണങ്ങളില്ലാത്ത കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റക്കാരെ ട്രെയിനിൽ നാട്ടിലേക്ക് അയയ്ക്കാനുള്ള നീക്കം.
കേന്ദ്രത്തിന്റെ ഉത്തരവിനെത്തുടർന്ന് പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ചില തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ട്രെയിനുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.