Connect with us

Uncategorized

സംസ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരിയായി നില്‍ക്കുന്നുവെന്ന് ആരോപണം; പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിന്റെ പരാതിയില്‍ ടൈംസ് നൗ വാര്‍ത്താചാനലിന് നോട്ടീസ്

, 4:31 pm

പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ടൈസ് നൗ വാര്‍ത്താ ചാനലിന് മലപ്പുറം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ ആഗസ്ത് 30 ന് കോടതിയില്‍ ഹാജരാവണമെന്നും സമന്‍സില്‍ പറയുന്നു.

‘കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു’ എന്ന പേരില്‍ സപ്രേഷണം ചെയ്ത പരിപാടിയില്‍ സംസ്ഥാനത്തെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം മതത്തിലക്ക് മത പരിവര്‍ത്തനം നടത്താന്‍ എ എസ് സൈനബയുടെ ഇടപെടലുകളുണ്ടെന്നും മതപരിവര്‍ത്തനം നടത്തുന്നവരെ സൈനബ സംരക്ഷിക്കുന്നുണ്ടെന്നും ടൈംസ് നൌ ആരോപിച്ചിരുന്നു. ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാവുന്ന ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍ സൈനബ ചെയ്തു കൊടുക്കുന്നുണ്ടെന്ന് എന്‍ഐഎയുടെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ചാനല്‍ പറഞ്ഞിരുന്നു. വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബയക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ നടന്ന പത്തോളം മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സൈനബ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് കോടതിയെ സമീപിച്ചത്. 2017 ആഗസ്ത് 30ന് സംപ്രേഷണം ചെയ്ത പരിപാടിയില്‍ തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി കാണിക്കാന്‍ ശ്രമം നടന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നതാണ്, ആഗോളതലത്തില്‍ ഒട്ടനവധി പേര്‍ വീക്ഷിച്ച പരിപാടി പൊതു പ്രവര്‍ത്തക കൂടിയായ തനിക്ക് സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കി. ഇക്കാര്യം തന്റെ സുഹൃത്തുക്കളും ബന്ധുക്കളും  തന്നോട് സൂചിപ്പിച്ചിരുന്നതായും സൈനബ പരാതിയില്‍ പറയുന്നു.