പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. ബുധനാഴ്ച മുതലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. അമൃത്സര്‍, ബത്ല, താന്‍ തരണ്‍ എന്നീ ജില്ലകളിലാണ് വിഷമദ്യം വിതരണം ചെയ്യപ്പെട്ടതെന്നാണ് വിവരം. അമൃത്സറിലെ മുച്ചാൽ, താൻഗ്ര ഗ്രാമങ്ങളിലാണ് ആദ്യ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വ്യാജമദ്യ നിര്‍മാണം ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമാണ്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യ നിർമാണ യൂണിറ്റുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എസ്എസ്പിമാരേയും മറ്റ് ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ച് ജലന്ധർ ഡിവിഷൻ കമ്മീഷണര്‍ കേസില്‍ അന്വേഷണം നടത്തി വരുന്നുണ്ട്.
സംഭവത്തില്‍ ഇതുവരെ ഇരുപത്തഞ്ചോളം പേര് അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ സ്ത്രീയാണെന്നും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 7 എക്സൈസ് ഉദ്യോഗസ്ഥരും 6 പൊലീസുകാരും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ 48 പേരുടെ കൂടി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണ് സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണം കൊഴുക്കുന്നതെന്നാണ് ശിരോമണി അകാലി ദളിന്റെ സുഖ്ബിര്‍ സിങ് ബാദല്‍ ആരോപിക്കുന്നത്. മന്ത്രിമാരും എംഎല്‍എമാരും വരും വ്യാജമദ്യ നിര്‍മാണത്തിന് പിന്തുണ കൊടുക്കുന്നു.
Read more
നിലവില്‍ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പോരെന്നും ഹൈക്കോടതി ജഡ്ജി തന്നെ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.