മഹാരാഷ്ട്ര മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുടെ പരിഹാസത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ. സത്യപ്രതിജ്ഞാ വാചകവും ഭരണഘടനയിലെ മതേതരം എന്ന വാക്കും ഓര്‍മ്മിപ്പിച്ചായിരുന്നു ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഹിന്ദുത്വത്തെ കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് കോശിയാരിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ തിരിച്ചടിച്ചു.
ലോക്ക്ഡൗണിനെ തുറന്ന് അടച്ച ആരാധാനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു. ഈ കത്തിലാണ് മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന് പരിഹാസരൂപേണ ഗവര്‍ണര്‍ ചോദിച്ചത്.
അതേസമയം എന്‍സിപി നേതാവ് ശരദ്പവാറും ഗവര്‍ണറുടെ കത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഭരണപദവിയിലിരിക്കുന്ന ഗവര്‍ണറുടെ ഭാഷ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
“ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ “സെക്യുലര്‍” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതത്തേയും തുല്യരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കസേര അലങ്കരിക്കുന്ന ആള് ഭരണഘടനയുടെ ഈ പ്രമാണങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന് എഴുതിയ ധ്വനിയാണ് കാണിക്കുന്നത്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുളള സ്വതന്ത്രമായ ആശയവിനിമയം നടക്കണമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകളും ധ്വനിയും വ്യക്തികള്‍ വഹിക്കുന്ന ഭരണ പദവിയുടെ നിലവാരം അനുസരിച്ചായിരിക്കണം.” ശരദ് പവാര്‍ കത്തില്‍ പറയുന്നു.
അതേസമയം ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ച ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിലെ ഭാഷ ഉചിതമല്ലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറുടേത് ഒരു ഭരണഘടനാ പദവിയാണെന്നും അതിന് മാന്യതയുണ്ടെന്നും ആ പദവിയിലിരിക്കുന്ന വ്യക്തിയുമായുളള ഏതൊരു ആശയവിനിമയത്തിലും അന്തസ്സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞു.
Read more
കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് താക്കറെ ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ജനങ്ങളോടുളള സ്നേഹവും കരുതലും കണക്കിലെടുത്തു കൊണ്ടുളള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ സൂപ്പര്‍ സ്പ്രെഡിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരാനുളള തീരുമാനത്തിന് കാരണം. “നവരാത്രി, ദീപാവലി, മറ്റ് ഉത്സവങ്ങള്‍ എന്നിവ വരാന്‍ പോവുകയാണ്. ഐശ്വര്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടിയായിരിക്കണം നാം നമ്മുടെ വാതിലുകള്‍ പതുക്കെ തുറക്കേണ്ടത്. ഒരിക്കലും അത് കൊറോണ വൈറസിന് വേണ്ടിയാകരുത്.” താക്കറെ അഭിപ്രായപ്പെട്ടിരുന്നു