ഭരണസമിതിയെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കോളേജുകളും തമ്മിൽ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കോളേജുകളില്‍ ഭരണസമിതിയില്ലാത്തതിനെ തുടര്‍ന്ന് കോളേജുകള്‍ക്ക് ഫണ്ട് നല്‍കുന്നത് തടഞ്ഞതാണ് ശമ്പളം മുടങ്ങിയതിന് കാരണം.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഡല്‍ഹി സര്‍ക്കാര്‍ കോളേജുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. കമലാ നെഹ്‌റു കോളേജ്, ദീന്‍ ദയാല്‍ ഉപാധ്യായ കോളേജ്, ഗാര്‍ഗി കോളേജ് തുടങ്ങി 28ഓളം കോളേജുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കോളേജുകള്‍ ഏകപക്ഷീയമായ നിലപാട് എടുത്തതാണ് ഭരണസമിതിയില്ലാതായതിന് കാരണം. ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന കോളേജുകള്‍ക്കേ ഫണ്ട് അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും.