"കശ്മീരിൽ ഒരു ഗൈഡഡ് ടൂർ ആവശ്യമില്ല, ജനങ്ങളെ സ്വതന്ത്രമായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,": യൂറോപ്യൻ യൂണിയൻ ജമ്മു കശ്മീർ സന്ദർശിക്കുന്ന വിദേശ സംഘത്തിന്റെ ഭാഗമാകില്ല

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള രാജ്യങ്ങൾ വ്യാഴാഴ്ച ജമ്മു കശ്മീർ സന്ദർശിക്കുന്ന വിദേശ പ്രതിനിധികളുടെ സംഘത്തിന്റെ ഭാഗമാകില്ല. അതേസമയം 16 അംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎസ് നയതന്ത്രപ്രതിനിധി പങ്കെടുക്കും. പൂർണമായും കേന്ദ്ര സർക്കാരിന്റെ മാര്‍ഗ്ഗദര്‍ശത്തിൽ ജമ്മു കശ്മീർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ പിന്നീട് വന്ന് കാണുമെന്നും യൂറോപ്പിൽ നിന്നുള്ള നയതന്ത്ര വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ പ്രതിനിധികൾ ജമ്മു കശ്മീർ സന്ദർശനത്തെ സ്വാഗതം ചെയ്തതായി സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു, എന്നാൽ പെട്ടെന്നുള്ള അറിയിപ്പായതിനാൽ പിന്നീട് ഒരു തിയതി നിശ്ചയിച്ച്‌ സന്ദർശനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി സർക്കാർ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തിന് ശേഷം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഒക്ടോബറിൽ ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായുള്ള സന്ദർശന വേളയിൽ സർക്കാർ മേൽനോട്ടത്തിലായിരുന്നു പാർലമെന്റ് അംഗങ്ങൾ നാട്ടുകാരെ കണ്ട്‌ സ്ഥിതിഗതികൾ വിലയിരുത്തിയത്.

സമാനമായ രീതിയിൽ യുഎസ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 16 പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന പര്യടനമാണ്‌ ഇന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള നയതന്ത്രജ്ഞരും നിരവധി ഗൾഫ് രാജ്യങ്ങളും സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ “ഷെഡ്യൂളിംഗ്” കാരണങ്ങളാൽ പിന്മാറി.

“യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് കശ്മീരിലെ ഒരു ഗൈഡഡ് ടൂർ ആവശ്യമില്ല. ഞങ്ങളുടെ ഇഷ്ടപ്രകാരം ആളുകളെ സ്വതന്ത്രമായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി പറഞ്ഞു. ഓഗസ്റ്റ് 5- ന് കേന്ദ്രം നീക്കം പ്രഖ്യാപിച്ചതു മുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ സന്ദർശിക്കാനും പ്രതിനിധികൾ താത്പര്യപ്പെടുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Read more

കശ്മീരിൽ രാഷ്ട്രീയ നേതാക്കൾ ആറു മാസമായി തടവിൽ കഴിയുന്നതും സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനവും വിദേശത്ത് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളും യുഎസ് ജനപ്രതിനിധി സഭയും ഇക്കാര്യം പരാമർശിച്ചിരുന്നു.