ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാനിരക്ക് അഞ്ച് ശതമാനമായി എന്നത് ആശ്ചര്യകരമാണെന്നും പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തിങ്കളാഴ്ച പറഞ്ഞു.
“ഞങ്ങൾ (ആർബിഐ) വളർച്ച 5.8 ശതമാനമായി പ്രവചിച്ചു. 5.5 ശതമാനത്തിൽ താഴെയാകുമെന്ന് ആരും കരുതിയില്ല. ഈ സംഖ്യ ആശ്ചര്യകരമാണ്, എല്ലാ പ്രവചനങ്ങളേക്കാളും മോശമാണ്,” റിസർവ് ബാങ്ക് ഗവർണർ സിഎൻഎൻ ന്യൂസ് 18 ന്യൂസ് ചാനലിനോട് പറഞ്ഞു.
വളർച്ചയുടെ പാതയിലേക്ക് സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയായിരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും വളരെ ദുർബലമാണെന്ന് കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര നാണയ നിധി (ഐ,എം.എഫ്) പറഞ്ഞിരുന്നു. കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ നീണ്ടു നിൽക്കുന്ന ബലഹീനതയുമാണ് ഇതിന് കാരണം എന്നും ഐ.എം.എഫ് അഭിപ്രായപ്പെട്ടിരുന്നു.