ശ്രീജീവിന്റെ കസ്റ്റഡി മരണം, സ്റ്റേ നീക്കാൻ നടപടി; പൊലീസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

പാറശാല സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുന്നത് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.  ഈ സ്റ്റേ നീക്കണമെന്ന ആവശ്യവുമായാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സ്റ്റേ നീക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ അനുവാദം നൽകണമെന്നുമാണ് സർക്കാരിന്‍റെ ആവശ്യം. ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു.

2014 മേയിൽ പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. മേയ് 19നു രാത്രി മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നു പിറ്റേന്നു പൊലീസുകാർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

എന്നാൽ, മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എഎസ്ഐയുടെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നതാണ് കള്ളക്കേസിലും മർദനത്തിലും കലാശിച്ചതെന്നാണ് വിവരം.