ബിജെപിക്ക് ആധി; കോണ്‍ഗ്രസിന് പ്രതീക്ഷ; ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമിടെ ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.വടക്കന്‍ മധ്യ ഗുജറാത്തില്‍ പതിനാലു ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്നു ബൂത്തുകളിലെത്തും. പോളിങ് പൂര്‍ത്തിയായ ശേഷം വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. എന്നാല്‍ വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മോഡി ഉപയോഗിച്ച ജലവിമാനം വന്നതു പാക്കിസ്ഥാനില്‍നിന്നാണെന്ന വൈരുധ്യം ചൂണ്ടിക്കാട്ടിയാണു സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ അഭിമുഖം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന നിലപാടുമായി ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസും അയച്ചു.

നാട്ടുകാരനായ പ്രധാനമന്ത്രിയെ ഗുജറാത്ത്കാര്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ 22 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തോടുള്ള മടുപ്പും ജാതി സംഘടനകളോട് സഖ്യം ചേര്‍ന്നതും തങ്ങള്‍ക്ക് ചരിത്രമെഴുതാനുള്ള വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വ്യവസായവത്കരണത്തിന്റെ ഗുണഭോക്താക്കളായ മധ്യവര്‍ഗത്തിന്റെ പിന്തുണയുള്ള ബിജെപിക്ക് കര്‍ഷകരുടെ അതൃപ്തിയെ സംസ്ഥാനത്ത് മികച്ച നേതൃത്വമില്ലാതെ സംഘടനാ മികവ് കൊണ്ട് മാത്രം നേരിടാനാകില്ലെന്ന ഉറച്ച വിശ്വാസവും കോണ്‍ഗ്രസിനുണ്ട്. പുതിയ കൂട്ടുകെട്ടുകളില്‍ സീറ്റ് നഷ്ടപ്പെട്ടവരുടെ രോഷം കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്നാണ് ബിജെപിയുടെ പ്രത്യാശ. നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും നഗരങ്ങളും ഗ്രാമങ്ങളും വ്യത്യസ്തമായി വോട്ടുചെയ്യുന്നു എന്നതാണ് ഗുജറാത്തിന്റെ സവിശേഷത.

പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലും മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഖാന്‍പുരിലും കേന്ദ്ര ധനമന്തി അരുണ്‍ ജയ്റ്റ്‌ലി വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ഖേഡ ജില്ലയിലെ ബൊര്‍സാദിലും ഇന്നു വോട്ടു രേഖപ്പെടുത്തും.