ഡല്‍ഹി കലാപത്തില്‍ ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ സമുദായങ്ങള്‍ക്ക് അമര്‍ഷം; ഏകപക്ഷീയമായ രീതിയില്‍ അറസ്റ്റുകള്‍ പാടില്ലെന്ന് കമ്മീഷണറുടെ ഉത്തരവ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ ഫെബ്രുവരിയിൽ കലാപം നടന്ന പ്രദേശങ്ങളില്‍ നിന്നും ഹിന്ദു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍  ഹിന്ദു സമൂഹത്തില്‍  അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ വേണ്ടത്ര ശ്രദ്ധയും മുൻകരുതലും പൊലീസ് കാണിക്കണമെന്ന് വ്യക്തമാക്കി സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ പ്രവിര്‍ രഞ്ജന്‍ അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണ സംഘത്തെ നയിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണ ഉദ്യോഗസ്ഥരെ ഉചിതമായി നയിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖരൂജിഗാസ്, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ ഹിന്ദുയുവാക്കളെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെയാണെന്നാണ് സമുദായ നേതാക്കള്‍ ആരോപിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളും അറസ്റ്റിന് പിന്നിലുണ്ടെന്നും സമുദായ നേതാക്കൾ ആരോപിക്കുന്നു. അറസ്റ്റിനെ സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം. അറസ്റ്റിന് മുമ്പ് തെളിവുകള്‍ കൃത്യമായി പരിശോധിക്കണം. ഏകപക്ഷീയമായ രീതിയില്‍ അറസ്റ്റുകള്‍ പാടില്ലെന്നും കമ്മീഷണര്‍ അന്വേഷണസംഘത്തിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡല്‍ഹി ആക്രമണത്തിനും സി.എ.എ സമരത്തിനും ജനങ്ങളെ ഇറക്കിയ ചില മുസ്‌ലിം വ്യക്തികള്‍ക്കെതിരെ പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന ആരോപണവും ഹിന്ദു സമുദായ അംഗങ്ങൾക്ക് ഉണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അറസ്റ്റിനെ കുറിച്ച് ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇവ ചൂണ്ടിക്കാട്ടി കമ്മീഷണര്‍ ഒപ്പുവെച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എ്കസ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ കൃത്യമായ ശ്രദ്ധയും മുൻകരുതലും സ്വീകരിക്കുക. സാങ്കേതിക തെളിവുകൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും ശരിയായി വിശകലനം ചെയ്യുകയും എല്ലാ അറസ്റ്റുകൾക്കും മതിയായ തെളിവുകളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക. ഒരു കേസിലും അനിയന്ത്രിതമായി അറസ്റ്റ് ചെയ്യപ്പെടരുത്, കൂടാതെ, എല്ലാ തെളിവുകളും ഓരോ കേസിലും നിയോഗിച്ചിട്ടുള്ള പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമായി ചര്‍ച്ച ചെയ്യണം. സൂപ്പര്‍വൈസറി ഓഫീസര്‍മാരായ എ.സി.പി, ഡി.സി.പി -എസ്.ഐ.ടി, എ.സി.പി തുടങ്ങിയവര്‍ അന്വേഷണ സംഘത്തെ ഉചിതമായ രീതിയില്‍ നയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ ഉത്തരവിറക്കിയ കമ്മീഷണര്‍ പ്രവിര്‍ രഞ്ജന്‍ തന്നെയാണ് ജനുവരിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുവമോര്‍ച്ച നടത്തിയ ആക്രമണത്തിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്നത്. ഈ വിഷയത്തില്‍ ഇതുവരെയും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഈ വിവരങ്ങള്‍ ഡല്‍ഹി പൊലീസ് പരോക്ഷമായി തള്ളി. പൊലീസ് പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ധാരണയുണ്ടാക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നതെന്ന് ‍ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു.