അയോധ്യ: വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വിഗ്രഹ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത് കെ.കെ നായരെന്ന മലയാളി

ഇന്ത്യയുടെ രാഷ്ട്രീയഗതി തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു അയോധ്യ രാമജന്മഭൂമി കേസ്. കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ മലയാളിയായ മുന്‍ കളക്ടറും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 1949 ല്‍ മസ്ജിദില്‍ സ്ഥാപിച്ച രാമ വിഗ്രഹമാണ് കോടതി വിധിയിലെ കേന്ദ്രബിന്ദു. സ്ഥാപിച്ച നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിനായത്തില്‍ ചൂണ്ടിക്കാട്ടിരുന്നു. വിഗ്രഹം സ്ഥാപിക്കുന്നതിനായി അന്ന് ഹിന്ദു മഹാസഭയ്ക്ക് സഹായം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് മലയാളിയായ കെ കെ നായര്‍.

സംഭവസമയം ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന നായരുടെ പിന്തുണ മൂലമാണ് വിഗ്രഹം സ്ഥാപിക്കാനായത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ടിലെ പ്രതികൂല പരമാര്‍ശം മൂലം നായര്‍ പിന്നീട് രാജി വെച്ചു. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തില്‍ എംപിയും എംഎല്‍എയുമായി.

1907 ല്‍ ആലപ്പുഴയിലെ കൈനകരിയിലാണ് കൃഷ്ണകുമാര്‍ കരുണാകരന്‍ നായര്‍ ജനിച്ചത്. ചെന്നൈയിലും ലണ്ടനിലും ഉപരിപഠനം നടത്തിയ കെകെ നായര്‍ പിന്നീട് ഐസിഎസില്‍ ജോലി നേടി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഭാര്യ ശകുന്തള ഹിന്ദു മഹാസഭാ നേതാവായിരുന്നു.

കെകെ നായരും ബാല്‍റാംപൂര്‍ ഭരണാധികാരിയായ മഹാരാജാ പതേശ്വരി പ്രസാദ് സിങ്ങും മഹന്ത് ദിഗ്വിജയും സുഹൃത്തുക്കളായിരുന്നു. 1948 ല്‍ രാമരാജ്യപരിഷത്ത് സ്ഥാപിച്ചത് പതേശ്വരി പ്രസാദ് സിംഗാണ്. അന്ന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത കെ കെ നായര്‍ മുഗള്‍ കാലത്ത് നശിപ്പിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ക്ഷേത്രങ്ങള്‍ തിരികെ പിടിക്കാനുള്ള ചര്‍ച്ചയിലും ഭാഗഭാഗക്കായിരുന്നു.

അയോധ്യയിലെ രാമജന്മഭൂമിയെ സംബന്ധിച്ചും വാരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തെപ്പറ്റിയും മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രത്തെപ്പറ്റിയും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായി. നായരുടെ നേതൃതത്തില്‍ നടന്ന ചര്‍ച്ചയില്‍ ദിഗ്വിജയും പങ്കെടുത്തിരുന്നു. ഫൈസാബാദിന്റെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി നായര്‍ നിയമിതനാകുന്നത് 1949 ജൂണ്‍ ഒന്നിനാണ്.

ആ വര്‍ഷം തന്നെയാണ് അയോധ്യയില്‍ മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതും. ഡിസംബര്‍ 22 നും 23 നുമിടയിലുള്ള രാത്രിയിലാണ് സംഭവം നടന്നത്. രാമന്റെയും സീതയുടെയും വിഗ്രഹം 22 ന് രാത്രി 11 മണിക്കാണ് മസ്ജിദില്‍ സ്ഥാപിച്ചതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ച തന്നെ മസ്ജിദില്‍ എത്തിയ നായര്‍ എന്നാല്‍ പൊലിസില്‍ വിവരം അറിയിച്ചത് വൈകിയാണ്. ഫൈസാബാദ് സിറ്റി മജിസ്‌ട്രേറ്റ് ആയിരുന്ന ഗുരു ദത്ത് സിങ്ങിന്റെ പിന്തുണയും നായര്‍ക്കുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

രാവിലെ ഒമ്പത് മണിയോടെ മാത്രം വിവരം അറിഞ്ഞ പൊലീസ് സംഘം എത്തുമ്പോള്‍ ഹിന്ദു മഹാ സഭ കയ്യടക്കിയ മസ്ജിദില്‍ നായരുടെ ഭാര്യ ശകുന്തളയായിരുന്നു ഭജന ചൊല്ലിയിരുന്നതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഗ്രഹങ്ങള്‍ സരയൂ നദിയില്‍ എറിഞ്ഞു കളയാന്‍ നെഹ്‌റു നിര്‍ദേശിച്ചിരുന്നെവെങ്കിലും നായര്‍ വഴങ്ങിയില്ല എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇത് സംബന്ധിച്ചു നെഹ്‌റു എഴുതിയ മൂന്നു കത്തുകളും പുറത്തു വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശ വാദം അംഗീകരിക്കുന്നത് ചരിത്ര നിഷേധമാണെന്നും ഐതിഹ്യങ്ങളുടെ പേരിലുള്ള കടന്നാക്രമണം പുതിയ കാലത്ത് അംഗീകരിക്കാനാവില്ലെന്നും നെഹ്‌റു കത്തില്‍ എഴുതിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് റിപ്പോര്‍ട്ടില്‍ അയോധ്യയില്‍ വിഗ്രഹം സ്ഥാപിച്ചവരുമായി നായര്‍ കൂടിക്കാഴ്ച നടത്തി എന്നു പരമര്‍ശമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ നായര്‍ സര്‍വീസില്‍ നിന്ന് രാജി വെച്ചു. പിന്നീട് 1962 ല്‍ യുപിയില്‍ നിയമസഭാ അംഗമായി. ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. അതിനു ശേഷം 1967ല്‍ ഉത്തര്‍പ്രദേശിലെ ബഹ്‌റിയയില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. ഭാര്യ ശകുന്തള മൂന്ന് വട്ടം ലോക്‌സഭാ എംപിയായിരുന്നു. ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഹിന്ദു മഹാസഭയുടെ സ്ഥാനാര്‍ത്ഥിയായി ശകുന്തള വിജയിച്ചിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്