മരട് ഫ്ലാറ്റ് പൊളിക്കൽ; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന്  പരിശോധിക്കന്നതിനിടയിലാണ് ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു സാവകാശം വേണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പന്ത്രണ്ടില്‍ അധികം ഫ്‌ളാറ്റ് ഉടമകളാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്.

ജനുവരി 11, 12 തിയതികളില്‍ കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജനുവരി 11- ന് ഹോളി ഫെയ്ത്ത് ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകളും 12- ന് ഗോള്‍ഡണ്‍ കായലോരം ജെയിന്‍ കോറല്‍കോവ് എന്നീ ഫ്‌ളാറ്റുകളും പൊളിക്കുമെന്നും നഷ്ടപരിഹാരമായി 61.50 കോടി രൂപ നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി നഷ്ടപരിഹാര സമിതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന്  ഹോളി ഫെയ്ത്ത് ഉടമയുടെ ആവശ്യവും സമിതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിനെതിരെ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി അടക്കമുള്ള ഹര്‍ജികള്‍ കോടതി ജനുവരി രണ്ടാം വാരം പരിഗണിക്കും.