Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കഥ, തിരക്കഥ: മനോരമ മുതലുള്ള ‘മ’ മാധ്യമങ്ങള്‍: നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഒരോരുത്തര്‍ക്കും ഒാരോരോ കാരണങ്ങള്‍

, 6:09 pm

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പിന്നെ തല്ലിക്കൊല്ലാന്‍ ആളിനെ കൂട്ടുക… ഈ ഫാസിസ്റ്റ് ശൈലിയാണ് നമ്പി നാരായണന്റെ കാര്യത്തില്‍ സ്വയം പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളത്തിലെ പത്രമാധ്യങ്ങള്‍ ചെയ്തത്. ഇടത് വലത് വ്യത്യാസങ്ങളില്ലാതെയാണ് മാധ്യമങ്ങള്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെപറ്റി ഇല്ലാക്കഥകള്‍ പറഞ്ഞു പിടിപ്പിച്ചത്. നാല്‍ക്കവലയില്‍ നാലാളുകള്‍ കൂടിയിരുന്നു പറയുന്ന സംശയങ്ങള്‍ വരെ അക്കാലത്ത് പത്രങ്ങളിലെ ഒന്നാം പേജ് വാര്‍ത്തയായി. രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞനെ വലിച്ചുകീറാന്‍ മുത്തശ്ശിപത്രം അടക്കമുള്ള മാധ്യമങ്ങള്‍ വേട്ടപ്പട്ടികളെ പോലെ ഓടി. അപസര്‍പ്പകഥകളെ വെല്ലുന്ന റിപ്പോര്‍ട്ടുകളാണ് ഒരോ പത്രമാധ്യമങ്ങളും അക്കാലത്ത് പടച്ചുവിട്ടത്. അതില്‍ ഹോമിക്കപ്പെട്ടത് കുറെയധികം മനുഷ്യരുടെ ജീവിതങ്ങളാണ്. അവര്‍ സമൂഹത്തിന് മുമ്പില്‍ രാജ്യദ്രോഹികളയി മുദ്രകുത്തപ്പെട്ട് ജയിലഴികളിലായി.

ഒരു പത്രത്തിന് രമണ്‍ ശ്രീവാസ്തവയോടുള്ള വിരോധം. സര്‍ക്കുലേഷനില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരു പത്രത്തിന് നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ മറ്റു പത്രങ്ങളെ സംബന്ധിച്ചിടത്തോളം, സെന്‍സേഷണലായ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ ആഘോഷിക്കാതിരിക്കുമോ?” ഇതാണ് തന്റെ അസ്റ്റിനെക്കുറിച്ച് പിന്നീട് നമ്പി നാരായണന്‍ പ്രതികരിച്ചത്.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ തന്നെ കുടുക്കാന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അമിതാവേശമുണ്ടായിരുന്നുവെന്ന്
അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ അധ്യായമായ ‘ചാരവനിത അറസ്റ്റില്‍’ എന്ന ഭാഗത്താണ് തന്നെ കുടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ അടക്കം അദ്ദേഹം തുറന്നെഴുതിയത്.

ഡി.ഐ.ജി സിബി മാത്യൂസിന് കാണണം എന്ന് പറഞ്ഞാണ് എന്നെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെയും പ്രതീക്ഷിച്ചുള്ള എന്റെ കാത്തിരിപ്പ് മൂന്നാം ദിവസത്തിലെത്തി. ആരും വ്യക്തമായ ഉത്തരം തരുന്നില്ല.  ആരൊക്കൊയോ വരുന്നു. ഇരുട്ടുമുറിയില്‍ ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുന്നു. അസഭ്യം പറയുന്നു. പോകുന്നു. ആരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഒന്നൊന്നര മാസം മുമ്പ് ഞങ്ങള്‍ വായിച്ച് ചിരിച്ച് കളഞ്ഞ ഒരു വാര്‍ത്ത എന്റെ ജീവിതത്തിന്റെ നേര്‍രേഖ വലിച്ചു പൊട്ടിക്കുന്നത് ഞാനവിടെ കണ്ടു. ശരിക്കും ട്രാപ്പിലായതുപോലെ എനിക്ക് തോന്നിത്തുടങ്ങി.

ഞാനാലോചിച്ചു, ഒക്ടോബര്‍ 20ന് തനിനിറത്തില്‍ വന്ന ഒരു വാര്‍ത്ത എന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഞാനറിഞ്ഞത്. ‘ചാരവനിത അറസ്റ്റില്‍’ എന്നായിരുന്നു വാര്‍ത്തയെന്ന് എന്റെ സുഹൃത്ത് മോഹനപ്രസാദ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്താന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ എന്ന മുസ്ലിം യുവതി അറസ്റ്റിലായി എന്ന തരത്തിലായിരുന്നു അടുത്തദിവസം ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നത്.

കാര്യം ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ കേരള കൗമുദിയും മലയാള മനോരമയും അച്ചുനിരത്തി. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്ക പങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് പാകിസ്താനിലേക്ക് കടത്തിയെന്ന് പത്രങ്ങള്‍ കഥ മെനഞ്ഞു. ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാകിസ്ഥാന് വിറ്റു. അതും 400 കോടിക്ക്! ‘മറിയം കിടപ്പറയിലെ ട്യൂണ’ എന്ന് മംഗളം പത്രത്തില്‍ അജിത് കുമാറെന്ന പത്രപ്രവര്‍ത്തകന്‍ എഴുതി. മനോരമയില്‍ ജോണ്‍ മുണ്ടക്കയമെന്ന റിപ്പോര്‍ട്ടറുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചൂടപ്പം പോലെ വന്നു. കേരളം ചാരക്കഥ ആഘോഷിച്ചു തുടങ്ങി. വാര്‍ത്ത തുടങ്ങിവെച്ച തനിനിറത്തിലെ ജയചന്ദ്രനും ദേശാഭിമാനിയിലെ ശ്രീകണ്ഠനും തുടര്‍വാര്‍ത്തകളില്‍ കുറവു കാണിച്ചില്ല.

മംഗളത്തിലെ ആര്‍ അജിത് കുമാറും കേസിന്റെ തുടക്ക വാര്‍ത്ത കൊടുത്ത തനിനിറം ജയചന്ദ്രനുമാണ് ഈ അടുത്തകാലത്ത് മംഗളം ടിവിയുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത്. ഇവരെ കൂടാതെ കേരള കൗമുദിയിലെ സുബൈര്‍, ശേഖരന്‍ നായര്‍, നരേന്ദ്രന്‍ എന്നീ ബൈലൈനുകളിലും ചാരക്കേസിന്റെ നിറംപിടിച്ച കഥകള്‍ അച്ചടിച്ചു വന്നുകൊണ്ടിരുന്നു.

 

അപ്പോഴും എനിക്കീ കഥ വിശ്വസിക്കാനായില്ല. കാരണം, ഇന്ത്യയില്‍ ഇല്ലാത്ത ടെക്നോളജിയാണ് ക്രയോജനിക്. നമ്മളതിന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്നു. അത് ഈ സ്ത്രീകള്‍ ഇംഗ്ലീഷ് പോലും നന്നായി സംസാരിക്കാന്‍ അറിയാത്തവര്‍ കടത്തിയെന്നത് അത്ഭുതമായി തോന്നി. എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശശികുമാരനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും ആ കേസ് എന്നില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നമ്പിനാരായാണന്‍ ഈ അധ്യയത്തില്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് എന്ന കുഞ്ഞിനെ ഉണ്ടാക്കിയത് മനോരമ മുതലുള്ള ‘മ’ മാധ്യങ്ങള്‍ എന്ന അച്ഛനാണ്. ദേശാഭിമാനിയാണ് ഇതിന്റെ തുടക്കമിട്ടതെങ്കിലും ഏറ്റുപിടിച്ചത് മനോരമയും മാതൃഭൂമിയും മംഗളവുമായിരുന്നു. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആരും ചോദിക്കാനില്ലായെന്ന അഹന്തയാണ് ഇല്ലാക്കഥകള്‍ പടച്ചുവിടാന്‍ ഈ മാധ്യമങ്ങളെയും പ്രേരിപ്പിച്ചത്. നമ്പി നാരായണനും കുടുംബത്തിനും നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാന്‍ നമ്മുടെ സമൂഹത്തിന് ഒരിക്കലും സാധിക്കില്ല. എന്നാല്‍, ഇത് പോലുള്ള അനീതി മറ്റൊരാള്‍ക്കു കൂടി സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ കഴിയും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കള്ളക്കഥകള്‍ പടച്ചുവിട്ട മാധ്യമങ്ങള്‍ ഇനിയെങ്കിലും നമ്പി നാരായണനെന്ന മനുഷ്യനോട് മാപ്പ് പറയണം.

Advertisement