സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു.
ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ വ്യക്‌തമാക്കി.
തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നു 2016 നവംബറിൽ നൽകിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും. ഈ പശ്‌ചാത്തലത്തിലാണു കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം.
12 പേരുടെ സമിതി
ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ഡിസംബർ അഞ്ചിനു 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സർക്കാർ സത്യവാങ്‌മൂലത്തിൽ പറയുന്നു. ജൂൺ അഞ്ചിനകം റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്‌ഥാനത്തിൽ, ദേശീയ ചിഹ്‌നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തിൽ മാറ്റം വരുത്തും; ആവശ്യമായ മാർഗരേഖ പുറത്തിറക്കും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്നാണു സർക്കാർ.
തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന് ഉത്തരവിട്ട കോടതി തന്നെ 11 മാസം കഴിഞ്ഞപ്പോൾ നിലപാടു മാറ്റി. ദേശീയഗാനത്തോടുള്ള ആദരത്തിൽ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണു പ്രതിഫലിക്കുന്നതെന്നാണു 2016 നവംബറിൽ പറഞ്ഞത്.
എന്നാൽ, കഴിഞ്ഞ ഒക്‌ടോബർ 23നു കോടതി സ്വന്തം ഉത്തരവിനെത്തന്നെ നിശിതമായി വിമർശിച്ചു. ‘ഇന്ത്യക്കാർ ദേശഭക്‌തി നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ടതില്ല. ദേശഭക്‌തി ഇങ്ങനെ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, നാളെ മുതൽ സിനിമാ തിയറ്ററിൽ ടീ ഷർട്ടും ഷോട്‌സുമിടരുതെന്നും ഇട്ടാൽ അതു ദേശീയ ഗാനത്തെ അവഹേളിക്കലാകുമെന്നും പറയും.
ഈ സദാചാര പൊലീസിങ് എവിടെച്ചെന്നു നിൽക്കും?’ – കോടതി ചോദിച്ചു. ഉത്തരവിന്റെ നിർബന്ധിത സ്വഭാവം ഒഴിവാക്കാമെന്നും അന്നു സൂചിപ്പിച്ചു. എന്നാൽ, ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാൻ സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കേണ്ടതുണ്ടെന്നുമാണു സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ മറുപടി നൽകിയത്.