നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരക്ക് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി, തടങ്കലില്‍ വച്ചു, കോഴ നല്‍കി എന്നീ വെളിപ്പെടുത്തലുകളാണ് കേസിനാസ്പദം. കെ സുരേന്ദരന് പുറമെ കാസര്‍ഗോഡ് ബിജെപിയിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഐപിസി 171 ബി പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കല്‍ വകുപ്പ് അനുസരിച്ച് കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം.
മാര്‍ച്ച് 21ന് തന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കളായ സുനില്‍ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണത്തില്‍ കേസെടുക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നായിരുന്നു നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് വി.വി രമേശന്‍ കോടതിയെ സമീപിച്ചത്. സുന്ദരയുടെ വെളിപ്പെടുത്തല്‍ ആദ്യം ബിജെപി നേതാക്കള്‍ നിഷേധിച്ചെങ്കിലും, പിന്നീട് ചിത്രങ്ങളടക്കം പുറത്തുവരികയായിരുന്നു.