Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

പൈനാപ്പിള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ‘മാരക വിഷ ‘ വിവാദം

, 12:30 pm

ഡോ. ജോസ് ജോസഫ്

നേരത്തെ എത്തിയ മഴക്കാലവും നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള പഴവര്‍ഗങ്ങളുടെ കയറ്റുമതി നിരോധനവും പ്രതിസന്ധിയിലാക്കിയ പൈനാപ്പിള്‍ കര്‍ഷകര്‍ക്കു മേല്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ‘മാരകവിഷപ്രയോഗം’. പൈനാപ്പിള്‍ വിളയിക്കാനും നേരത്തെ വിളവെടുക്കാനും തോട്ടങ്ങളില്‍ തളിക്കുന്നത് മാരക വിഷമാണെന്ന് ഒരു വിഭാഗം മാധ്യമ കൃഷി വിദഗ്ധരുടെ കണ്ടെത്തല്‍. കൃത്യമായ ഗവേഷണ ഫലങ്ങളുടെ പിന്തുണയില്ലാത്തതു കൊണ്ടാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് എതിരെ ഇവര്‍ ആരോപണശരങ്ങള്‍ നിരന്തരം തൊടുത്തുകൊണ്ടിരിക്കുന്നത്.

ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പൈനാപ്പിള്‍ വിവാദം കത്തികയറിയതോടെ കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്ത് പൈനാപ്പിള്‍ കൃഷി തന്നെ നിരോധിച്ചു കളഞ്ഞു. ഡെങ്കിപ്പനി ഉള്‍പ്പെടെ കൊതുക് പരത്തുന്ന എല്ലാ രോഗങ്ങള്‍ക്കും കീടനാശീനി മലിനീകരണത്തിനും പൈനാപ്പിള്‍ കൃഷിയാണ് ഉത്ഭവ കേന്ദ്രമെന്നായിരുന്നു പഞ്ചായത്തിന്റെ നിഗമനം. 2010ലും 2014ലും പൈനാപ്പിള്‍ കൃഷിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ  തനിയാവര്‍ത്തനമാണ് ഇപ്പോള്‍  പൊങ്ങി വന്നിരിക്കുന്ന ആരോപണങ്ങള്‍.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെ തൊഴിലാളികളെക്കാള്‍ കൂലി കുറച്ചു കൊടുക്കുന്നതിലും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ വേതന നിരക്ക് ഇപ്പോള്‍ പൈനാപ്പിള്‍ കൃഷിക്കാണ്. പൈനാപ്പിള്‍ ഉത്പാദനത്തിനു വേണ്ടി വരുന്ന കൃഷിച്ചെലവിന്റെ പകുതിയോളം വേതന ഇനത്തിലാണ്  ചെലവഴിക്കുന്നത്. കുത്തനെ ഉയരുന്ന പാട്ടനിരക്കും വേതനനിരക്കും ഇപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത വിധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് മാരകവിഷ വിവാദത്തിന്റയും അന്യസംസ്ഥാന തൊഴിലാളികളുടെ വേതന നിരക്ക് നാട്ടിലെ തൊഴിലാളികളുടെതിനും തുല്യമായി ഏകീകരിക്കണമെന്ന ആവശ്യത്തിന്റെയും മറവില്‍ കര്‍ഷകരെ തകര്‍ക്കാനുള്ള ആസൂത്രീത ശ്രമം നടക്കുന്നത്. നാട്ടില്‍ നല്ലരീതിയില്‍  കര്‍ഷകര്‍ നടത്തി കൊണ്ടുവരുന്ന കൃഷികളില്‍ ഒന്നാണ് പൈനാപ്പിള്‍ കൃഷി. ഇതിനെ എങ്ങിനെയും തകര്‍ക്കണമെന്ന് ചിലരുടെ ദുര്‍വാശിയാണ് ഈ ആരോപണങ്ങളുടെ എല്ലാം പിന്നില്‍. സംസ്ഥാനത്തെ ഒരു വിധപ്പെട്ട കൃഷി വിദഗ്ധരെല്ലാം ചക്കയുടെ മഹത്വം ആഘോഷിക്കുന്ന തിരക്കിലായതിനാല്‍ കൈതച്ചക്ക കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപവാദ പ്രചാരണത്തെ നേരിടാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.

പോര്‍ച്ചുഗീസുകാരാണ്  പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പൈനാപ്പിള്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടു വന്നതെങ്കിലും വാഴ, ചക്ക, മാങ്ങ എന്നിവയ്ക്കൊപ്പം നാടന്‍ ഫലവര്‍ഗങ്ങളുടെ പട്ടികയിലാണ് കൈതച്ചക്കയുടെയും സ്ഥാനം. കേരളത്തില്‍ പൈനാപ്പിള്‍ കൃഷിക്ക് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കികൊടുത്തത് വാഴക്കുളത്തുകാരാണ്. 1980കളുടെ ആരംഭത്തില്‍ കന്നാരച്ചക്ക എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വാഴക്കുളത്തെ കര്‍ഷകര്‍ ആരംഭിക്കുന്നതോടെയാണ് കേരളത്തില്‍ പൈനാപ്പിള്‍ കൃഷിയുടെ നല്ലകാലം തുടങ്ങുന്നത്.

സംസ്ഥാന കൃഷി വകുപ്പും ലോക ബാങ്കും ചേര്‍ന്ന് 1993ല്‍ തുടങ്ങിയ കെ എച്ച് ഡി പി എന്ന കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്മെന്റ പ്രോഗ്രാം കേരളത്തിലെ പൈനാപ്പിള്‍ കൃഷി വ്യാപനത്തിന് വലിയ ഊർജം പകര്‍ന്നു. നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി ലിമിറ്റഡ് , 1995ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വാഴക്കുളത്തു തുടങ്ങിയ കൈതച്ചക്ക ഗവേഷണ സ്ഥാപനം എന്നിവ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് വന്‍ തോതില്‍ സാങ്കേതിക പിന്തുണ നല്‍കി. വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്റ ബാനറില്‍ കര്‍ഷകര്‍ സംഘടിതരായി. 2009ല്‍ ചെന്നൈയിലെ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്റ്ററില്‍ നിന്നും വാഴക്കുളം പൈനാപ്പിളിന് ഭൗമശാസ്ത്രസൂചിക ലഭിച്ചതോടെ വാഴക്കുളം പൈനാപ്പിള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രസിദ്ധമായി. 2000 ത്തിനു ശേഷം കേരളത്തിലെ പൈനാപ്പിള്‍ കൃഷി 10 വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ദ്ധിച്ചു. ഏകദേശം 13,500 ഹെക്ടറായി ഉയര്‍ന്നു. 2010ല്‍ വാര്‍ഷിക ഉത്പാദനം ഏകദേശം മൂന്ന് ലക്ഷം ടണ്ണിനടുത്തായിരുന്നു. കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിലുള്ള ഹോര്‍ട്ടിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം 2016 -17 ല്‍ കേരളത്തിലെ പൈനാപ്പിള്‍ കൃഷി 17,200 ഹെക്ടര്‍ സ്ഥലത്തായിരുന്നു. ഉത്പാദനം ഏകദേശം 3.5 ലക്ഷം ടണ്ണിനടുത്തും.

ഉത്പാദനത്തിന്റെ 90 ശതമാനത്തിലേറെയും അന്യസംസ്ഥാനങ്ങളിലേയ്ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയക്കപ്പെടും. സംസ്‌കരിച്ച പൈനാപ്പിള്‍ ഉത്പന്നങ്ങളെക്കാള്‍ പഴ വിപണിക്കാണ് ആഗോളതലത്തില്‍ വളര്‍ച്ചാനിരക്ക് കൂടുതല്‍. ഒരു ദശകത്തില്‍ 100 ശതമാനം വളര്‍ച്ചയാണ് ആഗോള പൈനാപ്പിള്‍ പഴം വിപണന മേഖല രേഖപ്പെടുത്തിയത്. ബ്രസീല്‍,  തായ്‌ലാൻഡ്, ഫിലിപ്പൈന്‍സ്, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രമുഖ പൈനാപ്പിള്‍ ഉത്പാദകര്‍. ആഗോള തലത്തില്‍ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പൈനാപ്പിള്‍ ഉത്പാദനത്തിന്റ 8 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രമുഖ പൈനാപ്പിള്‍ ഉത്പാദകര്‍. എന്നാല്‍ പഴം വിപണി ലക്ഷ്യമാക്കിയുള്ള പൈനാപ്പിള്‍ ഉത്പാദനത്തില്‍ അടുത്ത കാലത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. തേയില, കാപ്പി, ഏലം , കുരുമുളക് തുടങ്ങിയ വിളകളെക്കാള്‍ കൂടുതല്‍ മൂല്യം കേരളത്തിലെ പൈനാപ്പിള്‍ ഉത്പാദനത്തിനുണ്ട്. ഏകദേശം 750 കോടി രൂപയിലേറെയാണ് ഒരു വര്‍ഷം പൈനാപ്പിള്‍ കൃഷിയില്‍ നിന്നും കേരളത്തിനു ലഭിക്കുന്ന വരുമാനം. മറ്റെല്ലാ കൃഷിയും തകരുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ പകരുന്ന ചുരുക്കം ചില വിളകളില്‍ ഒന്നാണ് പൈനാപ്പിള്‍. ഇനിയും വലിയ കുതിച്ചുകയറ്റത്തിനു സാധ്യതയുള്ള ഈ വിളയെയാണ് ഉത്തരവാദിത്വമില്ലാത്ത ദുഷ് പ്രചാരണങ്ങളിലൂടെ തകര്‍ത്തെറിയാന്‍ ചിലര്‍ ശ്രമിക്കുന്നത്.

വാഴക്കുളം പൈനാപ്പിളിന്റെ ഭൗമശാസ്ത്ര സൂചികയുടെ പരിധിയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 116 പഞ്ചായത്തുകളില്‍ ഉത്പാദിക്കുന്ന മൗറീഷ്യസ് ഇനം പൈനാപ്പിള്‍ ഉള്‍പ്പെടുന്നു. വാഴക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പൈനാപ്പിള്‍ ഉത്പാദനം ഏകദേശം 80,000 ടണ്ണോളം വരും. 4000ത്തോളം പൈനാപ്പിള്‍ കര്‍ഷകരാണ് വാഴക്കുളത്തുള്ളത്.  പൈനാപ്പിള്‍ കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ 2013ല്‍ സംസ്ഥാന പൈനാപ്പിള്‍ മിഷനു തുടക്കമിട്ടു. കേന്ദ്ര ഗവണ്‍മെന്റെ കയറ്റുമതി പ്രോത്സാഹനത്തിനു വേണ്ടി കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ ഇഞ്ചിക്കു പുറമെ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത വിളയാണ് പൈനാപ്പിള്‍. തൃശൂര്‍, വാഴക്കുളം പ്രദേശങ്ങളാണ് പൈനാപ്പിള്‍ കൃഷി വികസനത്തിനു വേണ്ടി കേരളത്തില്‍ നിന്നും  ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൈനാപ്പിളിനും  പൈനാപ്പിള്‍ കര്‍ഷകര്‍ക്കുമെതിരെ ഒരു വിഭാഗം നടത്തുന്ന കുപ്രചാരണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ കേരളത്തില്‍ നടപ്പാക്കാന്‍ ഉദേശിക്കുന്ന  കൃഷി വികസന പദ്ധതികള്‍ക്ക് തിരിച്ചടിയാകും. കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന കോടികളുടെ നഷ്ടത്തിനു പുറമെ കോടിക്കണക്കിനു രൂപയുടെ കേന്ദ്രഫണ്ടും നഷ്ടപ്പെടും.

വര്‍ഷം മുഴുവന്‍ കൃഷിയും വിളവെടുപ്പും നടത്താന്‍ ഏറ്റവും അനിയോജ്യമായ കാലാവസ്ഥയാണ് പൈനാപ്പിള്‍ കൃഷിക്ക് കേരളത്തില്‍ നിലവിലുള്ളത്. ഒരു തനി വിളയായും ഇടവിളയായും പൈനാപ്പിള്‍ കേരളത്തില്‍ കൃഷി ചെയ്യാം . അനുയോജ്യമായ കാലാവസ്ഥയ്ക്ക് പുറമെ വാഴക്കുളം പൈനാപ്പിള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതും ഭൗമശാസ്ത്ര സൂചികയുടെ സംരക്ഷണമുള്ളതും അനുകൂല ഘടകങ്ങളാണ്. പുതിയതായി നട്ടുപിടിപ്പിക്കുന്ന റബ്ബര്‍ തോട്ടങ്ങളിലോ ആവര്‍ത്തന കൃഷി നടത്തുന്ന റബ്ബര്‍ തോട്ടങ്ങളിലോ ഇടവിളയായിട്ടാണ കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ 80 ശതമാനവും. ആദ്യത്തെ മൂന്ന് നാലു വര്‍ഷത്തെ പൈനാപ്പിള്‍ കൃഷിക്കൊപ്പം പാട്ടത്തിനെടുക്കുന്ന സ്ഥലത്തെ ഉടമസ്ഥനു റബ്ബര്‍ തൈ നട്ട് പരിചരിച്ച് വളര്‍ത്തി കൊടുക്കേണ്ടതിനുള്ള ഉത്തരവാദിത്വവും പൈനാപ്പിള്‍ കര്‍ഷകനാണ്.

റബ്ബറിന്റെ വില ഇടിവിനെ തുടര്‍ന്ന് ഒട്ടേറെ റബ്ബര്‍ കര്‍ഷകര്‍ റബ്ബര്‍ വെട്ടിമാറ്റി പൈനാപ്പിള്‍ കൃഷിക്കു വേണ്ടി നല്‍കിയിട്ടുണ്ട്. റബ്ബര്‍ വീണ്ടും വളര്‍ന്നു വരുന്നതു വരെയുള്ള ആദ്യത്തെ മൂന്ന് നാലു വര്‍ഷം റബ്ബര്‍ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗവും പൈനാപ്പിള്‍ കൃഷിക്കു വേണ്ടി നല്‍കിയ സ്ഥലത്തു നിന്നു ലഭിക്കുന്ന പാട്ടത്തുകയാണ്. ഈ പൈനാപ്പിള്‍ പാട്ടകൃഷി മാതൃക മധ്യകേരളത്തില്‍ നിന്നും വടക്കന്‍ ജില്ലകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. പൈനാപ്പിളിലെ മാരക വിഷാംശ വിവാദം ഉത്സാഹശാലികളായ പൈനാപ്പിള്‍ കർഷകരെ മാത്രമല്ല പാവപ്പെട്ട റബ്ബര്‍ കര്‍ഷകരെയും ദോഷകരമായി ബാധിക്കും.

2010 ല്‍ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു കേരളത്തില്‍ പൈനാപ്പിള്‍ കൃഷിയിലെ വിഷ വിവാദത്തിനു തുടക്കം. കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ കീടനിയന്ത്രണത്തിനായി എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ആരോപണം . ഈ ആരോപണം പിന്നീട് ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു. എന്‍ഡോസള്‍ഫാന്‍ വിവാദം കത്തി നിൽക്കുന്ന സമയമായിരുന്നതിനാല്‍ പൈനാപ്പിളും വിവാദത്തിലായി.

പൈനാപ്പിള്‍ തോട്ടത്തിലെ എല്ലാ ചെടികളും ഒരേ സമയത്ത് പുഷ്പ്പിച്ച്. ഒരുമിച്ച് വിളവെടുക്കാന്‍ സഹായിക്കുന്ന എത്തിഫോണ്‍ പ്രയോഗം തെറ്റിദ്ധരിപ്പിച്ചായിരുന്നു എന്‍ഡോസള്‍ഫാന്‍ വിവാദം. പൈനാപ്പിള്‍ ഒരുമിച്ച് പുഷ്പ്പിക്കുന്നതിന് കേരളാ സര്‍വ്വകലാശാലയാണ് എത്തിഫോണ്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇത് വര്‍ഷങ്ങളായി കേരളാ കാര്‍ഷിക സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്ന വിളകളുടെ പാക്കേജ് ഓഫ് പ്രാക്റ്റീസസ് ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൈനാപ്പിള്‍ സ്വഭാവികമായി പൂക്കാന്‍ വിട്ടാല്‍ 10-15 ശതമാനത്തിലധികം ചെടികള്‍ പുഷ്പ്പിക്കില്ല. പൂവിടല്‍ പല സമയത്തുമായിരിക്കും . 2 ക്ലോഗോ ഈതെയില്‍ ഫോസ്ഫോണിക് ആസിഡ് അടങ്ങിയ എത്തിഫോണ്‍ 25 പിപിഎം , യൂറിയ 2 ശതമാനം , കാല്‍സ്യം കാര്‍ബണേറ്റ് 00.04 ശതമാനം എന്നിവ ചേര്‍ത്ത ലായിനി 50 മില്ലി ലിറ്റര്‍ വീതം ഓരോ ചെടിയുടെയും കൂമ്പിലേയ്ക്ക് ഒഴിച്ച് കൊടുത്താല്‍ പൈന്നാപ്പിള്‍ ഒരേ സമയം പുഷ്പ്പിക്കും . പൈനാപ്പിള്‍ പുഷ്പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനാണ് എത്തിഫോണെന്ന ഹോര്‍മോണിന്റ പ്രയോഗം. 39-42 ഇലകള്‍ 10 മുതല്‍ 12 മാസം പ്രായം എത്തിയതുമായ ചെടികളിലാണ് ഹോര്‍മോണ്‍ പ്രയോഗം.

ഹോര്‍മോണ്‍ പ്രയോഗിച്ച് നാൽപ്പതാം ദിവസം ചെടികള്‍ പൂക്കാന്‍ തുടങ്ങും. 70 ദിവസത്തിനുള്ളില്‍ പൂക്കല്‍ പൂര്‍ത്തിയാകും. ഹോര്‍മോണ്‍ പ്രയോഗം നടത്തി 130-135 ദിവസത്തിനുള്ളില്‍ വിളവെടുക്കും. 1965-ലാണ് എത്തിഫോണിന്റെ കണ്ടുപിടിത്തം. ഇന്ത്യയില്‍ ഇത് ഇന്ത്യന്‍ കീടനാശിനി നിയമപ്രകാരം ഒരു കീടനാശിനിയായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെടികള്‍ പൂക്കുന്നതിനും മൂപ്പെത്തിയ പഴവര്‍ഗങ്ങള്‍ പഴുപ്പിക്കുന്നതിനും പഴവര്‍ഗങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടുന്നതിനുമെല്ലാം എത്തിഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പൈനാപ്പിളില്‍ ചെടികളെ ഒരേസമയം പുഷ്പിക്കുന്നതിനു പ്രേരിപ്പിക്കാന്‍ മാത്രമാണ് എത്തിഫോണിന്റെ പ്രയോഗം. പൈനാപ്പിള്‍ പഴുപ്പിക്കുന്നതിനും പഴത്തിന് നിറം ലഭിക്കുന്നതിനും ഇത് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല. വളരെ കുറഞ്ഞ സാന്ദ്രതയിലാണ് പൈനാപ്പിളില്‍ ഇതിന്റെ പ്രയോഗം. കൂടിയ സാന്ദ്രതയില്‍ ഉപയോഗിച്ചാല്‍ കണ്ണിനും ത്വക്കിനും ചൊറിച്ചിലുണ്ടാക്കിയേക്കാമെന്നതിനാല്‍ എത്തിഫോണ്‍ ഉപയോഗിക്കുമ്പോള്‍ സംരക്ഷണ ആവരണങ്ങള്‍ ധരിക്കണമെന്ന് അമേരിക്കന്‍ എഫ്ഡിഎ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എത്തിഫോണ്‍ ഒരു മാരകവിഷമല്ല. കേരളത്തില്‍ പൈനാപ്പിളിന് ശുപാര്‍ശ ചെയ്തിരിക്കുന്നതില്‍ തളിച്ചാല്‍ അപകടമുണ്ടാവില്ല.

എത്തിഫോണ്‍ മണ്ണില്‍ പെട്ടെന്ന് വിഘടിക്കും. മണ്ണില്‍ ഇത് പെട്ടെന്നു തന്നെ ഫോസ്ഫോറിക് ആസിഡ്, എത്ലിന്‍, ക്ലോറൈഡ് അയോണുകള്‍ എന്നിവയായി പെട്ടെന്നു തന്നെ വിഘടിക്കുന്നു. ഭൂഗര്‍ഭ ജലസ്രോതസുകള്‍ മലിനീകരിക്കാനുള്ള സാധ്യതയും കുറവാണ്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പ്രകാരം എത്തിഫോണ്‍ ഒരു മാരക വിഷമല്ല. ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എത്തിഫോണ്‍ കാന്‍സറിന് കാരണമാകുമെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. പക്ഷികള്‍ക്കും ജലജീവികള്‍ക്കും എത്തിഫോണ്‍ അപകടകരമാണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് അമേരിക്കന്‍ എഫ്ഡിഎയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു കിലോഗ്രാം പൈനാപ്പിളില്‍ രണ്ട  മില്ലി ഗ്രാമാണ് എത്തിഫോണിന്‍റെ അനുവദനീയമായ പരമാവധി അവശിഷ്ട സാന്നിധ്യ പരിധി. എന്നാല്‍ കേരളത്തില്‍ പൈനാപ്പിള്‍ ചെടിയില്‍ ഹോര്‍മോണ്‍ പ്രയോഗിച്ച് നാലരമാസത്തിനു ശേഷം മാത്രം വിളവെടുക്കുന്നതിനാല്‍ പഴങ്ങള്‍ എത്തിഫോണ്‍ സാന്നിധ്യത്തിനു സാധ്യതകള്‍ തീരെ കുറവാണ്. കേരളത്തില്‍ ഇപ്പോള്‍ മറ്റ് കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതുപോലെ എത്തിഫോണിന്‍റെ അവശിഷ്ട വിഷവീര്യം പരിശോധനക്കു വിധേയമാക്കുന്നില്ല. തെളിവുകളുടെ അഭാവത്തില്‍ ചെടികള്‍ പൂക്കുന്നതിന് മാരകവിഷം തളിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

കേരളത്തില്‍ എത്തിഫോണ്‍ പൈനാപ്പിള്‍ പഴുക്കുന്നതിനും പഴത്തിന്റെ നിറം കൂട്ടുന്നതിനും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല. മാങ്ങ, വാഴപ്പഴം തുടങ്ങിയവ പഴുക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ കാത്സ്യം കാര്‍ബൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, എത്തിഫോണ്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍ പഴുപ്പിക്കുന്നതിന് എത്തിഫോണിന്റെ ഉപയോഗം ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ അടുത്ത കാലത്ത് നിരോധിച്ചിരുന്നു. പഴങ്ങള്‍ പെട്ടെന്ന് പഴുപ്പിക്കുന്നതിന് എത്തിഫോണ്‍ ലായനിയില്‍ മുക്കി വെക്കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിക്കുന്നില്ല. എന്നാല്‍ ചെടികള്‍ പുഷ്പിക്കുന്നതിന് എത്തിഫോണ്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതിന് ഒരിടത്തും നിരോധനമില്ല.

കീട രോഗങ്ങള്‍ താരതമ്യേന കുറവുള്ള വിളയാണ് പൈനാപ്പിള്‍. മറ്റ് കാര്‍ഷിക വിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരകമായ കീടനാശിനികളുടെ പ്രയോഗം കുറവുമാണ്. മുമ്പ് നടത്തിയ ലാബ് പരിശോധനകളിലൊന്നും പൈനാപ്പിളില്‍ മാരകമായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ പൈനാപ്പിളിലെ കീടനാശിനികളുടെ അവഷിപ്ത വിഷവീര്യം കേരളത്തില്‍ അത്ര കര്‍ശനമായി നിരീക്ഷിക്കുന്നുമില്ല. പ്രധാന രോഗമായ കാചീയലിനെതിരെ അപകടരഹിതമായ ബോര്‍ഡോ മിക്സ്ച്ചറാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മീലിബഗ് എന്ന കീടത്തിനെതിരെ കീടനാശിനികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ രാസവളങ്ങളും രാസകീടനാശിനികളും പൂര്‍ണമായും ഒഴിവാക്കാനാവില്ല. കളകള്‍ മുളക്കാതിരിക്കാന്‍ ഡൈയൂറോണ്‍ എന്ന കളനാശിനിയും മുളച്ച കളകള്‍ നശിപ്പിക്കാന്‍ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്തിട്ടുണ്ട്. കളനാശിനികള്‍ പൈനാപ്പിളിന്റെ ഇലകളില്‍ സ്പര്‍ശിക്കാതെയാണ് പ്രയോഗിക്കുന്നത്. പ്രകൃതിക്കും മനുഷ്യര്‍ക്കും അപകടകരമാകാത്ത കൃത്യമായ അളവിലാണ് കളനാശിനികളും കീടനാശിനികളും ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഇതിലും കൂടിയ അളവിലും ആവര്‍ത്തിച്ചും മറ്റ് വിളകളില്‍ ഉപയോഗിക്കുന്നുമുണ്ട്. പൈനാപ്പിള്‍ കൃഷി കൊണ്ട് മാത്രമായി പ്രത്യേക രാസമലിനീകരണ പ്രശ്നങ്ങള്‍ കേരളത്തിലുണ്ടായതായി ശാസ്ത്രീയ തെളിവുകളില്ല. 2010-ലെ എന്‍ഡോസള്‍ഫാന്‍ വിവാദത്തെ തുടര്‍ന്ന് പൂര്‍ണമായ ജൈവരീതിയില്‍ അല്ലെങ്കിലും കഴിയുന്നതും പരിസ്ഥിതി സൗഹൃദപരമായ കൃഷിരീതികളാണ് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ പിന്തുടര്‍ന്നു വരുന്നത്. പഴവര്‍ഗമായി വിപണനം നടത്തുന്നതിനാല്‍ ഇതിന്റെ അപകടങ്ങളെ കുറിച്ച് കര്‍ഷകര്‍ തികച്ചും ബോധവാന്മാരുമാണ്. ഏതെങ്കിലും തോട്ടങ്ങളില്‍ അമിതമായ കീടനാശിനി-കളനാശിനി പ്രയോഗം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ്. പൈനാപ്പിള്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നിന്നാല്‍ മാത്രമെ കൊതുക് പെരുകാനുള്ള സാധ്യതയുള്ളു. വാണിജ്യാടിസ്ഥാനത്തില്‍ പരിപാലിക്കുന്നതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കിയാണ് പൈനാപ്പില്‍ തോട്ടത്തിലെ കൃഷി.

കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്ക് നേടിക്കൊണ്ടിരുന്നതാണ് പൈനാപ്പിള്‍ കൃഷി മേഖല. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക കയറ്റുമതി നയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പൈനാപ്പിളിന്‍റെ മൂല്യവര്‍ദ്ധനയ്ക്കും  കയറ്റുമതിക്കും വലിയ സാധ്യതകളാണുള്ളത്. തുടര്‍ച്ചയായി നടക്കുന്ന അപവാദ പ്രചാരണം കേരളത്തിലെ പൈനാപ്പിള്‍ കൃഷിയെ പ്രതിസന്ധിയിലാക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടകയ്ക്കുമായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

Advertisement