ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് “വീട്ടിലിരിക്കൂ” എന്ന മുന്നറിയിപ്പു കിട്ടിയപ്പോള്‍ നമ്മള്‍ വീട്ടിലിരുന്നു. വളരെ ആവശ്യമുള്ള കാര്യം. ഒരാവശ്യവുമില്ലാതെ ബൈക്കുമെടുത്ത് കറങ്ങിനടക്കുന്നവരെ ജോലിയുടെ സമ്മര്‍ദ്ദം മൂലം പോലീസുകാര്‍ തല്ലി വീട്ടിലേക്കോടിച്ചു. അതും വളരെ ആവശ്യം. മഹാമാരി പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഏറ്റവുമധികം അദ്ധ്വാനിച്ച രണ്ടുവിഭാഗങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസുമാണ്. അക്കാര്യം നമ്മള്‍ നന്ദിയോടെ സ്മരിക്കണം. മാസങ്ങള്‍ കടന്നുപോയി കോവിഡ് ടോള്‍ കൂടിയും കുറഞ്ഞും നിന്നു.
എന്നാല്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കോവിഡ് നമ്മളെ പേടിച്ച് ഒളിച്ചിരുന്നു. പക്ഷെ പിന്നീട് പുറത്തിറങ്ങി. ബസ്സുകളിലും ബസ്സ് സ്റ്റോപ്പുകളിലും വൈറസ്സ് വരില്ല. അതുകൊണ്ട് അവിടെ സാനിറ്റൈസര്‍ വെക്കേണ്ട ആവശ്യമില്ല. ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും തൊഴില്‍ശാലകളിലും ഉറപ്പായിട്ടും വരും. അടച്ചിടണം. ബീവറേജസ്സ ഷോപ്പുകളില്‍ വരില്ല. ആല്‍ക്കഹോള്‍ കണ്ട് ഭയന്നിട്ടായിരിക്കണം. സര്‍ബത്ത് കടയില്‍ വരും. ചായക്കടയില്‍ വരും. രാഷ്ട്രീയപ്രവര്‍ത്തകനാണെന്നു കണ്ടാല്‍ വരില്ല. നല്ല റെസ്പെക്റ്റ് കൊടുത്തു മാറിനില്‍ക്കും.
പോലീസിന് ക്വോട്ടയുണ്ട്. ഇത്രയാളുകളെ മാസ്ക് നേരാംവണ്ണം വെക്കാത്തതിനോ സാമൂഹ്യ അകലം പാലിക്കാത്തതിനോ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിഴയടപ്പിക്കണം. അത്രയുംപേര്‍ നിയമം തെറ്റിച്ചിരിക്കണം ഇല്ലെങ്കില്‍ സര്‍ക്കാരിന് കണക്കുതെറ്റും. ആളെ തികഞ്ഞില്ലെങ്കില്‍ ബോധവത്കരണമാണെന്നോ അങ്ങനെ എന്തെങ്കിലും പറഞ്ഞ് നമ്പര്‍ കുറിച്ചെടുത്താലും മതി. സ്റ്റേഷനില്‍ നിന്നുവിളിച്ച് പിഴയടപ്പിച്ചോളും. തെറ്റുചെയ്തില്ലെന്നു തെളിയിക്കേണ്ടത് കുറ്റാരോപിതന്‍റെ മാത്രം ബാദ്ധ്യതയാണ്. നിങ്ങള്‍ പിഴയടപ്പിക്കൂ ശമ്പളം കൃത്യമായിട്ട് തരും. ഇതാണ് നയം.
പോലീസിന് ശുഷ്കാന്തി കൂടാതിരിക്കുന്നതെങ്ങനെ ? കഴിഞ്ഞ ദിവസം ചടയമംഗലത്തെ ഒരു ബാങ്കില്‍ അകലം പാലിച്ച് ക്യൂനിന്ന ആളുകള്‍ക്ക് പിഴ എഴുതിക്കൊടുത്തതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അനുഭവം നമ്മള്‍ കണ്ടതാണ്. ഏമാന്‍മാരെ ചോദ്യം ചെയ്ത പൗരനെതിരെ ജാമ്യമില്ലാവകുപ്പ്. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ മാന്യന് ഗുഡ്സര്‍വ്വീസ്സ് എന്‍ട്രി പ്രതീക്ഷിക്കാം.
പൊതുജനത്തെ സര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് പോലീസുകാര്‍ക്ക് സര്‍ക്കുലിറങ്ങിയിട്ട് ഏതാനും കൊല്ലങ്ങളായി. ഇപ്പോഴും എടാ പോടാ പിന്നെ മറ്റുചില ബഹുമാനപദങ്ങള്‍തന്നെയാണ് പതിവ്. അതിലൊന്നും ഇപ്പോഴും മാറ്റമില്ല. അത്തരമൊരു സംഭവത്തില്‍ ഒരു പോലീസുകാരന് പൗരനുമുന്നില്‍ ഉത്തരം മുട്ടുന്ന കാഴ്ച കണ്ടു. പോലീസുകാരന്‍ എടാന്നുവിളിച്ചാല്‍ തിരികെ അങ്ങനെതന്നെ വിളിക്കാന്‍ ഇപ്പോള്‍ “എടാവിളി ക്യാംപെയ്ന്‍” ആരംഭിച്ചിട്ടുണ്ട്. #എടാവിളി_ക്യാംപെയ്ൻ #KeralaPolice_Disrespect
ഏതായാലും പൊതുജനം നേരിട്ട് പ്രതികരിച്ചുതുടങ്ങി എന്നതാണ് ഇപ്പോള്‍ കാണുന്ന ഒരു മാറ്റം. അളമുട്ടിയാല്‍ ചേരയും കടിക്കും. സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയയുമെല്ലാം വ്യാപകമായ കാലത്ത് പരമരഹസ്യമായി തോന്ന്യാസം കാണിക്കുമ്പോള്‍ സൂക്ഷിക്കുന്നത് പോലീസിനും നല്ലതാണ്. ഇല്ലെങ്കില്‍ പരസ്യമായി ആളുകള്‍ പ്രതികരിച്ചുതുടങ്ങും. ഭര്‍ത്താവിന് മരുന്നുവാങ്ങാന്‍ മറ്റുമാര്‍ഗ്ഗമില്ലാതെ വഴിയിലിരുന്ന് വില്‍പന നടത്തിയ ഒരു സാധു സ്ത്രീയുടെ മീന്‍കൊട്ട പോലീസുകാര്‍ ഗുണ്ടകളെപ്പോലെ എടുത്തുവലിച്ചെറിയുന്ന കാഴ്ചയും കാണേണ്ടിവന്നു. ഇനിയും നീതിയൊന്നും പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ വളരെ തിരക്കിലാണ്. ശമ്പളവര്‍ദ്ധനവിനുപിന്നാലെ ഒരു കൊല്ലക്കാലമായി നമുക്ക് നല്ല ഉത്സവകാലമായതിനാല്‍ ഉത്സവബത്തയും ഓണമായതുകൊണ്ട് ഉടനെ കൊടുക്കേണ്ട ബോണസ്സും കണക്കുകൂട്ടുന്ന തിരക്കിലാണ് നമ്മുടെ സര്‍ക്കാര്‍.